റിയാദ്: മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ ദൃശ്യഭാഷക്കും സാങ്കേതിക വിപ്ലവത്തിനും തുടക്കമിട്ടുകൊണ്ട് മലയാളത്തിലെ ആദ്യ മുഴുനീള എ.ഐ സിനിമയായ ‘വാഗ്‌ദത്തഭൂമി’ റിലീസിന് ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യ എ.ഐ ആർട്ട്‌ഹൗസ് സിനിമയെന്ന സവിശേഷതയോടെയാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ലോകസിനിമയുടെ കലാഭാവനയും ആധുനിക എ.ഐ ഇമേജ് സൃഷ്ടി സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്വതന്ത്ര ചലച്ചിത്രകാരനായ സിദ്ധിക്ക് പറവൂരാണ് ഈ ചിത്രത്തിെൻറ സംവിധായകൻ.
റിയാദിൽ 30 വർഷമായി പ്രവാസിയായ വ്യവസായി ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശി ഷാജു വലപ്പനാണ് ഈ വേറിട്ട ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ഫിലിം ക്രിട്ടിക് അവാർഡ് നേടിയ ‘നിഴൽ വ്യാപാരികൾ’ എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് ഷാജു വലപ്പൻ. ഒരു സ്വതന്ത്ര സിനിമാപ്രവർത്തകനെന്ന നിലയിൽ എപ്പോഴും പുതുമയാർന്ന ദൃശ്യപരീക്ഷണങ്ങളെ പിന്തുണയ്ക്കുന്ന അദ്ദേഹം, ‘വാഗ്ദത്തഭൂമി’യിലൂടെ മലയാള സിനിമയെ പുതിയൊരു യുഗത്തിലേക്ക് നയിക്കുകയാണ്.
കേരളത്തിലെ ഒരു മലയോര കർഷകനായ സോളമൻ, ഭാര്യ ക്ലാര, മകൻ സാം എന്നിവരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. തൊഴിൽ തേടി കാനഡയിലേക്ക് കുടിയേറിയ സാം, പിതാവിെൻറ സമ്മതമില്ലാതെ തറവാട് വീടും പാരമ്പര്യ കൃഷിഭൂമിയും വിൽക്കാൻ ശ്രമിക്കുന്നതും, തുടർന്ന് അച്ഛനും മകനും തമ്മിലുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിെൻറ ഇതിവൃത്തം.
ഇന്ത്യൻ പനോരമ ഉൾപ്പെടെ നിരവധി ദേശീയ-അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ സിനിമകൾ പ്രദർശിപ്പിച്ചിട്ടുള്ള സിദ്ധിക്ക് പറവൂർ, എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കലാസിനിമയുടെ പുതിയൊരു ഭാഷ കണ്ടെത്താനുള്ള ശ്രമമാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. കുറഞ്ഞ ബജറ്റിൽ ലോകോത്തര ദൃശ്യാവിഷ്കാരം സാധ്യമാണെന്ന് ഈ ചിത്രം തെളിയിക്കുന്നു. ഭാവിയിൽ സ്വതന്ത്ര സിനിമാപ്രവർത്തകർക്കും പുതിയ തലമുറ സംവിധായകർക്കും എ.ഐ നിർമാണ രീതി പുതിയ വഴികൾ തുറക്കുമെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ.
വാലപ്പൻ ക്രിയേഷൻസിെൻറ ബാനറിൽ സി.ഇ.ഒ ലിൻസി ഷാജു വാലപ്പനാണ് ചിത്രത്തിെൻറ നിർമ്മാണത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. ഇഹ്‌ലാസ് റഹ്മാൻ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു. നോയൽ ഷാജു വാലപ്പൻ, നോവ ഷാജു വാലപ്പൻ, നേഹ ഷാജുവാലപ്പൻ, ജോസ് മാമ്പിള്ളി, ജലീൽ ബദുഷാ, സുരേഷ് നെല്ലിക്കോട്, ചന്ദ്രബോസ്, റഷീദ് മുഹമ്മദ്, സിദ്ദിഖ് കാക്കു, നസീമ അറക്കൽ, നിഖില പി സോമൻ, ജസീന കായംകുളം എന്നിവരാണ് മറ്റ് പിന്നണി പ്രവർത്തകർ.
ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് മോഡലുകളായി എത്തിയിരിക്കുന്നത് ഷാജു വലപ്പൻ, ഡോക്ടർ അനശ്വര, സുരേഷ് നെല്ലിക്കോട്, നോയൽ ഷാജു വലപ്പൻ, ജോസ് മാമ്പിള്ളി, നസീമ അറക്കൽ, റഷീദ് മുഹമ്മദ്, സിദ്ദിഖ് കാക്കു, ഷഹന ടീച്ചർ, പ്രസിൻ കെ പോണത്, നൗഷാദ് സാഗ, ബക്കർ മാടവന, സിദ്ധിക്ക് പറവൂർ എന്നിവരാണ്. കൊടുങ്ങല്ലൂരിലെ ‘ചന്ദ്രബോസ് ബോസ് ബാൻഡ്’ സ്റ്റുഡിയോയിലാണ് ചിത്രത്തിെൻറ സാങ്കേതിക ജോലികൾ പൂർത്തിയായത്. വേറിട്ടൊരു സിനിമാറ്റിക് അനുഭവം സമ്മാനിക്കുന്ന ‘വാഗ്ദത്തഭൂമി’ ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.