അൽ ഉലയിൽ കണ്ടെത്തിയ  അപൂർവ കഴുകന്റെ വിവിധ ചിത്രങ്ങൾ

അൽ ഉലയിൽ വംശനാശ ഭീഷണി നേരിടുന്ന അപൂർവ കഴുകനെ കണ്ടെത്തി

അൽ ഉല: സൗദിയിലെ വിശാലമായ പ്രാചീന നഗരങ്ങളിലൊന്നായ അൽ ഉലയിൽ വംശനാശ ഭീഷണി നേരിടുന്ന അപൂർവ കഴുകനെ കണ്ടെത്തിയതായി റിപ്പോർട്ട്. അൽ ഉലയുടെ വടക്ക് ഭാഗത്തായി 1,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ 'ഷരാൻ നേച്ചർ റിസർവ്; പരിസ്ഥിതി നിരീക്ഷണ സംഘമാണ് പ്രദേശത്തെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന കഴുകനെ കണ്ടെത്തിയത്. കഴുകന്റെ അപൂർവ ദൃശ്യങ്ങളും സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകൃതി അത്ഭുതങ്ങളുടെ ഒരു നിധിശേഖരമാണിവിടെ.

പർവതങ്ങൾ, താഴ്‌വരകൾ, മരുപ്പച്ചകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രകൃതിദത്ത ഭൂപ്രകൃതിക്ക് പേരുകേട്ടതാണ് പ്രദേശം. അപൂർവ വന്യജീവികളെയും പക്ഷികളെയും വിവിധ സന്ദർഭങ്ങളിൽ ഇവിടെ നിന്ന് കണ്ടെത്തിയതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.വിവിധ ജീവികളുടെ ആവാസ വ്യവസ്ഥ യുടെ പുനഃസ്ഥാപനത്തിനായി വിവിധ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയത്. അറേബ്യൻ ചെന്നായ്ക്കൾ, മാനുകൾ, വലിയ ചെവിയുള്ള ചുവന്ന കുറുക്കന്മാർ തുടങ്ങിയ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണത്തിനും വേണ്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

സൗദിയുടെ സമഗ്ര വികസന പദ്ധതിയായ വിഷൻ 2030 ന്റെ സുസ്ഥിര ലക്ഷ്യങ്ങൾക്ക് അനുസൃതമായി ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനും വന്യജീവികളെ സംരക്ഷിക്കുന്നതിനുമുള്ള റോയൽ കമ്മീഷന്റെ ശ്രമങ്ങളെ എടുത്തുകാണിക്കുന്ന ദൃശ്യങ്ങളാണ് പ്രദേശത്തുനിന്നുള്ളത്. രാജ്യത്ത് വംശനാശഭീഷണി നേരിടുന്ന പക്ഷിയുടെ രണ്ടാമത്തെ ഔദ്യോഗിക ദൃശ്യമാണിപ്പോൾ അധികൃതർ പുറത്തുവിട്ടത്.

വൈവിധ്യമാർന്ന പ്രകൃതിദത്ത ഭൂപ്രകൃതിക്ക് ചരിത്രപരമായി പേരുകേട്ട പ്രദേശത്ത് വൈവിധ്യമാർന്ന അപൂർവ വന്യജീവികളെയും പക്ഷികളെയും പിന്തുണക്കുന്നു. ഇവിടുത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ചില പാറകളിലെ ചിത്രങ്ങൾ മനുഷ്യരു ടെയും വന്യജീവികളുടെയും ദീർഘകാല സഹവർത്തിത്വത്തെ കൂടുതൽ സാക്ഷ്യപ്പെടുത്തുന്നതായി ചരിത്രകാരന്മാർ വിലയിരുത്തുന്നു.

പ്രകൃതി വിസ്മയം സമ്മാനിക്കുന്ന പ്രദേശത്ത് സമൃദ്ധമായ ജലവും വളക്കൂറുള്ള കൃഷി ഭൂമിയും കൂടി ദൈവം കനിഞ്ഞരുളിയിട്ടുണ്ട്. മദീന പ്രവിശ്യയിലെ വടക്കു ഭാഗത്താണ് പ്രദേശം സ്ഥിതിചെയ്യുന്നത്. പ്രവാചകൻ മുഹമ്മദിന്റെ നഗരിയായി അറിയപ്പെടുന്ന മദീനയിൽ നിന്നും ഇവിടേക്ക് 400 കിലോ മീറ്റർ ദൂരമുണ്ട്. പുരാതന കാലത്ത് ശുദ്ധ ജലം സമൃദ്ധമായി ഒഴുകിയ രണ്ട് അരുവികൾ ഇവിടെ ഉണ്ടായിരുന്നെന്ന് ചരിത്രം പറയുന്നു. ഈ അരുവികളുടെ ഓരങ്ങളിൽ ഉയരം കൂടിയ ഈന്തപ്പനകൾ ധാരാളം ഉണ്ടായിരുന്നുവത്രെ.

ഇത് സൂചിപ്പിച്ചാണ് ഉയരം കൂടിയത് എന്ന അർഥം കിട്ടുന്ന 'അൽ ഉല' എന്ന നാമം ഈ പ്രദേശത്തിന് ലഭിച്ചതെന്ന് അറബ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. നഗരിയിലേക്ക് കടക്കുമ്പോൾ തന്നെ തലയെടുപ്പുള്ള പാറകളുടെ രൂപഭാവങ്ങളും വർണാഭമായ ചാരുതയും സന്ദർശകർക്ക് വിസ്മയക്കാഴ്ചയാണ് നൽകുന്നത്. പ്രകൃതിയൊരുക്കിയ ശില്പ ഭംഗിയും ചുകന്ന കുന്നുകളുടെ അത്ഭുതകരമായ രൂപഭാവങ്ങളും നയനാനന്ദകരമായ ദൃശ്യവിരുന്നൊരുക്കുന്നു.

Tags:    
News Summary - Rare, endangered vulture discovered in Al Ula

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.