മൈ ഫാസ്റ്റ് ബുക്ക് കവറുകളുമായി കുട്ടികൾ
റിയാദ്: കുട്ടികൾക്ക് റമദാന്റെ ചൈതന്യം മനസ്സിലാക്കി പ്രവർത്തിക്കാൻ ‘മൈ ഫാസ്റ്റ് ബുക്’ എന്ന പേരിൽ പ്രത്യേക പരിപാടി തയാറാക്കിയതായി മലർവാടി ഭാരവാഹികൾ പറഞ്ഞു. റിയാദിലെ അഞ്ഞൂറോളം കുട്ടികളിൽ ഇത് വിതരണം ചെയ്യുന്നതാണെന്നും അറിയിച്ചു.
കുരുന്നുകളിൽ ആത്മീയവും വൈജ്ഞാനികവുമായ വളർച്ചക്ക് അനുഗുണമാകുന്ന രീതിയിലാണ് പ്രോജക്ടിന്റെ രൂപകൽപന.
വ്രതാനുഷ്ഠാനത്തോടൊപ്പം റമദാൻ അനുഭവങ്ങൾ രേഖപ്പെടുത്താനും ദൈവത്തോടും മാതാപിതാക്കളോടുമുള്ള കടമകൾ നിർവഹിക്കുന്നതിനും ‘മൈ ഫാസ്റ്റ് ബുക്ക്’ ലക്ഷ്യമിടുന്നു. കുട്ടികളിൽ ദയ, കാരുണ്യം, സഹാനുഭൂതി തുടങ്ങി മൂല്യങ്ങളുടെ നിർമാണവും പ്രയോഗവും നടപ്പിൽ വരുത്താൻ ഇതിലെ ദൈനംദിന പരിപാടികൾ സഹായകരമാണ്.
34 പേജുകളുള്ള ഈ പ്രവൃത്തി പുസ്തകം കൃത്യമായി ഫോളോ ചെയ്താൽ അവരുടെ വ്യക്തിത്വ വികസനത്തിലും സമയബോധത്തിലും പ്രസ്താവ്യമായ പുരോഗതിയുണ്ടാവുമെന്ന് പിന്നണി പ്രവർത്തകർ പറഞ്ഞു.
ഒന്ന് മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ഈ പരിപാടി. റമദാൻ ഒന്നു മുതൽ പെരുന്നാൾ ദിവസം വരെയാണ് പ്രോജക്ടിന്റെ കാലാവധി.
മെയ് 10-ന് മുമ്പായി ആക്ടിവിറ്റികൾ രേഖപ്പെടുത്തി യൂനിറ്റ് കോഓഡിനേറ്റർമാർക്ക് സമർപ്പിക്കേണ്ടതാണെന്ന് മലർവാടി സെൻട്രൽ പ്രൊവിൻസ് കോഓഡിനേറ്റർ ഷാനിദ് അലി പറഞ്ഞു.
യൂനിറ്റ് തലത്തിൽ മൂല്യനിർണയം നടത്തി പ്രോത്സാഹനം നൽകുന്നതാണ്. അബ്ദുറഹ്മാൻ മൗണ്ടു, ഫിസ എന്നിവരടങ്ങിയ ടീമാണ് ആശയവും രൂപകൽപനയും നിർവഹിച്ചിട്ടുള്ളത്.
ഈ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയ മലർവാടിയുടെ മൈ ഫാസ്റ്റ് ബുക്ക് വളരെ കൗതുകത്തോടെയാണ് പ്രവാസ ബാല്യവും രക്ഷിതാക്കളും ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.