ജിദ്ദ: ജി.സി.സിയിലെ ഏറ്റവും വലിയ പ്രവാസി കായിക കൂട്ടായ്മയായ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിൻ്റെ (സിഫ്) ആഭിമുഖ്യത്തിൽ നടക്കുന്ന ‘റബീഅ ടീ സിഫ് ചാമ്പ്യൻസ് ലീഗ് 2025-26’ ഇലവൻസ് ഫുട്ബാൾ ടൂർണമെൻ്റിന് നാളെ (വെള്ളി) വൈകീട്ട് അഞ്ച് മണിക്ക് ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കമാകും. 30-ാം വർഷത്തിലേക്ക് കടക്കുന്ന സിഫിൻ്റെ ടൂർണമെൻ്റ് ഏഷ്യയിൽ തന്നെ പ്രവാസികളുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാണ്.
11 ആഴ്ചകൾ നീണ്ടുനിൽക്കുന്ന 21 -മത് ചാമ്പ്യൻസ് ഫുട്ബാൾ മാമാങ്കത്തിൽ ഉദ്ഘാടന ദിവസം മൂന്ന് ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറുക. വൈകീട്ട് 6:30 ന് ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ കാഫ് ലോജിസ്റ്റിക് ഫ്രണ്ട്‌സ് ജൂനിയർ, ബൂക്കറ്റ് എഫ്.സി സോക്കർ ഫ്രീക്‌സ് സീനിയർസിനെ നേരിടും. തുടർന്ന് ബി ഡിവിഷനിലെ രണ്ടാം മത്സരത്തിൽ അഹ്‌ദാബ് ഇൻ്റർനാഷനൽ സ്‌കൂൾ ന്യൂ കാസിൽ എഫ്.സി, ആർച്ചുണ് അഡ്വെർടൈസിങ് എ.സി.സി ബി ടീമുമായി ഏറ്റുമുട്ടും. എ ഡിവിഷനിലെ ആദ്യ പോരാട്ടത്തിൽ സിഫ് മുൻ ചാമ്പ്യന്മാരായ റീം അൽ ഊല ഈസ്റ്റീ സാബിൻ എഫ്.സി ശക്തരായ എഫ്.സി യാംബുവുമായി ഏറ്റുമുട്ടും.
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള പ്രഗത്ഭരായ കളിക്കാർക്ക് പുറമെ നാട്ടിൽ നിന്നുള്ള സന്തോഷ് ട്രോഫി, ഐ.എസ്.എൽ, ഐ.പി.എൽ താരങ്ങളെ ഉൾപ്പെടുത്തി ശക്തമായ താരനിരയുമായാണ് മുഴുവൻ ടീമുകളും ടൂർണമെൻ്റിനെത്തുന്നത്. രണ്ട് മാസത്തിലധികം നീണ്ടുനിൽക്കുന്ന ഈ മാമാങ്കത്തിൽ എ ഡിവിഷൻ, ബി ഡിവിഷൻ, അണ്ടർ 17 എന്നീ മൂന്ന് വിഭാഗങ്ങളിലായി മൊത്തം 27 ടീമുകളിലായി 700-ൽ പരം ഇന്ത്യക്കാരായ ഫുട്ബാൾ താരങ്ങൾ അണിനിരക്കും. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും നാട്ടിൽ നിന്നടക്കമുള്ള നിരവധി ഇന്ത്യൻ താരങ്ങളും സംസ്ഥാന താരങ്ങളും വിവിധ ടീമുകളിലായി ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
മുപ്പതാം വാർഷികം ആഘോഷിക്കുന്ന സിഫിൻ്റെ ഈ വർഷത്തെ ടൂർണമെൻ്റ് ഒരു ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ടൂർണമെൻ്റിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളും അണിനിരക്കുന്ന മാർച്ച് പാസ്റ്റ്, ജിദ്ദയിലെ വിവിധ കലാ, സാംസ്‌കാരിക കൂട്ടായ്മകൾ അണിനിരക്കുന്ന വർണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്ര, വിവിധ കലാ, കായിക പ്രകടനങ്ങൾ എന്നിവയും ഉണ്ടായിരിക്കും. പ്രമുഖ ഫ്രീ സ്റ്റൈലർ നൂറ അയ്യൂബ് കരുമാര വണ്ടൂരിൻ്റെ ഫ്രീസ്റ്റൈൽ ഫുട്ബാൾ പ്രകടനവും ചടങ്ങുകൾക്ക് മാറ്റുകൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.