സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യൂറോപ്യൻ യൂനിയൻ
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതി സായുധ സംഘം നടത്തിയ ആക്രമണങ്ങളെ യൂറോപ്യൻ യൂനിയൻ ശക്തമായി അപലപിച്ചു. സ്ത്രകളും കുട്ടികളും ഉൾപ്പെടെ 73 സാധാരണക്കാർ പരിക്കേൽക്കാൻ ഈ ആക്രമണങ്ങൾ കാരണമായിട്ടുണ്ട്.
ബ്രസ്സൽസിലെ യൂറോപ്യൻ എക്സ്റ്റേണൽ ആക്ഷൻ സർവീസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് യൂറോപ്യൻ യൂനിയൻ സൗദി അറേബ്യയോടുള്ള പൂർണ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. കൂടാതെ, പരിക്കേറ്റ എല്ലാവരുടെയും വേഗത്തിലുള്ള രോഗമുക്തിക്കും സംഘടന ആശംസകൾ നേർന്നു.
സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യൂറോപ്യൻ യൂനിയൻ ഊന്നിപ്പറഞ്ഞു. ഈ ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും അപകടപ്പെടുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്നും മുന്നറിയിപ്പ് നൽകി.
യമനിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങളെ ഈ തുടർച്ചയായ ആക്രമണങ്ങൾ തടസ്സപ്പെടുത്തുന്നതായി യൂറോപ്യൻ യൂനിയൻ വ്യക്തമാക്കി. യമനകത്തും പുറത്തുമുള്ള എല്ലാത്തരം ആക്രമണങ്ങളും ഉടനടി നിർത്തലാക്കാൻ ഹൂതികളോട് സംഘടന ആവശ്യപ്പെട്ടു.
ചെങ്കടലിലെ വാണിജ്യ കപ്പൽ ഗതാഗതത്തിന് നേർക്കുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും, യുനൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിെൻറ പ്രമേയങ്ങൾ പൂർണമായി പാലിക്കണമെന്നും യൂറോപ്യൻ യൂനിയൻ കർശനമായ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.