ഫറസാൻ ദ്വീപുകൾ
ജിസാൻ: സൗദി അറേബ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫറസാൻ ദ്വീപുകളുടെ മുഖച്ഛായ മാറ്റുന്നതിനായി 54.6 കോടി റിയാലിെൻറ വൻകിട വികസന പദ്ധതികൾ ജിസാൻ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം മേഖലയുടെ ശാക്തീകരണത്തിനുമായി ആകെ 28 പദ്ധതികളാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വികസനത്തിെൻറ ആദ്യഘട്ടമെന്ന നിലയിൽ 39.8 കോടി റിയാൽ ചെലവിട്ടുള്ള 19 മുനിസിപ്പൽ പദ്ധതികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. കൂടാതെ, ഏഴ് കോടി റിയാൽ മൂല്യം വരുന്ന ഫറസാൻ ഹോട്ടൽ, വ്യാവസായിക പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള രണ്ട് വൻകിട നിക്ഷേപ പദ്ധതികളും 28 കോടി റിയാൽ ചെലവിൽ നിർമിച്ച മൂന്ന് ഭവന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
പുരോഗമിക്കുന്ന പദ്ധതികൾ
നിലവിൽ 14.8 കോടി റിയാൽ ചെലവിലുള്ള ഒമ്പത് പ്രവൃത്തികൾ ദ്വീപസമൂഹത്തിൽ പുരോഗമിക്കുകയാണ്. 6.8 കോടി റിയാലിെൻറ ഒമ്പത് മുനിസിപ്പൽ പദ്ധതികൾക്ക് പുറമെ, നാല് കോടി റിയാൽ ചെലവിലുള്ള അൽഹരീദ് റിസോർട്ട് വികസനം, 92 ഭവന യൂനിറ്റുകൾ ഉൾപ്പെടുന്ന നാല് കോടി റിയാലിെൻറ റെസിഡൻഷ്യൽ ഡെവലപ്മെൻറ് പദ്ധതി എന്നിവയും ദ്രുതഗതിയിൽ പൂർത്തിയായി വരുന്നു.
പ്രകൃതിഭംഗിയും ടൂറിസവും
ജിസാൻ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ, 1050 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഫറസാൻ 84 ലധികം പവിഴദ്വീപുകളുടെ സംഗമഭൂമിയാണ്. വെളുത്ത മണൽത്തീരങ്ങളും തെളിഞ്ഞ ടർക്കോയ്സ് നിറത്തിലുള്ള കടൽവെള്ളവുമാണ് ഈ ദ്വീപുകളുടെ സവിശേഷത. ഡൈവിങ്, മീൻപിടുത്തം എന്നിവയ്ക്ക് അനുയോജ്യമായ ഇവിടെയുള്ള കണ്ടൽക്കാടുകൾ മികച്ച ജൈവവൈവിധ്യമാണ് പ്രദാനം ചെയ്യുന്നത്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പ്രാദേശിക സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന സുസ്ഥിര വിനോദസഞ്ചാര മാതൃകയാണ് ഇവിടെ നടപ്പാക്കുന്നത്.
നിക്ഷേപ സാധ്യതക
പ്രാദേശിക-അന്തർദേശീയ നിക്ഷേപകരെ ആകർഷിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് മുനിസിപ്പാലിറ്റി ഒരുക്കുന്നത്. പുതിയ പദ്ധതികൾ വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ച കൈവരിക്കാനും അധികൃതർ ലക്ഷ്യമിടുന്നു. വർഷം തോറും ലക്ഷക്കണക്കിന് സന്ദർശകരെത്തുന്ന ഫറസാൻ ദ്വീപുകളെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള സൗദി ചെങ്കടൽ അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ വികസന കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.