റിയാദ്: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുടെ തൊഴിൽ കരാറുകൾ 'ഖിവ' പ്ലാറ്റ്‌ഫോം വഴി ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനുള്ള പരിധി പുതുക്കി നിശ്ചയിച്ചു. ഇത് 85 ശതമാനമായി ഉയർത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ ഈ പുതിയ നിർദേശങ്ങൾ ഏപ്രിൽ 30 മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാകുന്ന 2026 ജൂൺ 30-ഓടെ ഈ നിരക്ക് 90 ശതമാനമായി ഉയർത്തണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ എണ്ണവും ഖിവ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തിയ കരാറുകളുടെ എണ്ണവും തമ്മിൽ താരതമ്യം ചെയ്താണ് നിരക്ക് പരിധി കണക്കാക്കുന്നത്. ഇത് സ്ഥാപനങ്ങൾക്ക് തങ്ങളുടെ പ്രകടനം കൃത്യമായി നിരീക്ഷിക്കാൻ അവസരമൊരുക്കുന്നു. തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിനൊപ്പം സുതാര്യത ഉറപ്പാക്കാനും തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് മന്ത്രാലയം ഈ നടപടികൾ കർശനമാക്കുന്നത്.
നിശ്ചിത ശതമാനം കരാറുകൾ രേഖപ്പെടുത്താത്ത സ്ഥാപനങ്ങൾ ഖിവ പ്ലാറ്റ്‌ഫോം വഴി നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വീഴ്ച വരുത്തുന്നത് മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങളെ ബാധിച്ചേക്കാം. സ്വകാര്യ മേഖലയിലെ തൊഴിൽ ബന്ധങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും തൊഴിൽ അന്തരീക്ഷത്തിൽ കൃത്യത ഉറപ്പാക്കുന്നതിനുമുള്ള അടിസ്ഥാന സ്തംഭമായാണ് ഈ ഡിജിറ്റൽ കരാർ സംവിധാനത്തെ മന്ത്രാലയം കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.