ജിദ്ദ: സൗദിയിൽ വിദേശികളായ വിദഗ്ധ തൊഴിലാളികൾക്കുള്ള 'പ്രൊഫഷണൽ പരീക്ഷ' 2021 ജൂലൈ മുതൽ അഞ്ച് ഭാഷകളിൽ നടക്കും. മാനവ വിഭവശേഷി മന്ത്രാലയം ഇതിനുള്ള തീയതികൾ നിശ്ചയിച്ചതായി പ്രാദേശിക പത്രം വ്യക്തമാക്കി. മൊത്തം തൊഴിലാളികളുടെ 80 ശതമാനം പ്രതിനിധീകരിക്കുന്ന അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ എന്നീ ഭാഷകളിലായിരിക്കും പരീക്ഷ. സ്ഥാപനങ്ങളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് പരീക്ഷ തീയതി നിർണയിച്ചിരിക്കുന്നത്. 3000 മോ അതിൽ കൂടൂതലോ തൊഴിലാളികളുള്ള വൻകിട സ്ഥാപനങ്ങളിലുള്ളവർക്കാണ് 2021 ജൂലൈ മാസം പരീക്ഷ ആരംഭിക്കുക. 500 മുതൽ 2999 വരെയുള്ള തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ മുതലും 50 മുതൽ 499 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ഒക്ടോബർ മുതലും പരീക്ഷ തുടങ്ങും. ആറ് മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് നവംബർ മൂന്ന് മുതലും, ഒന്ന് മുതൽ അഞ്ച് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് 2022 ഫെബ്രുവരി മുതലും പരീക്ഷ നിർബന്ധമാകുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. ഒരു സ്ഥാപനത്തെയും പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. സൗദിയിൽ നടക്കുന്ന പരീക്ഷയിൽ 23 പ്രൊഫഷണൽ വിഭാഗങ്ങൾ ഉൾപ്പെടും. ഇലക്ട്രിക്, പ്ലംബിങ്, മെക്കാനിക്, റഫ്രിജറേഷൻ, എയർ കണ്ടീഷനിങ്, മെഷിനറി മെയിൻറനൻസ്, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻസ്, വെൽഡിങ്, ഖനനം, നിർമ്മാണ ജോലികൾ എന്നിവ മുൻനിര തൊഴിലുകളിലുൾപ്പെടും.
അതേ സമയം, അംഗീകൃത സർട്ടിഫിക്കറ്റിന്റെ സാധുത കാലയളവ് അഞ്ച് വർഷമാണെന്നും അത് പുതുക്കാവുന്നതുമാണെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ തകാമുൽ ബിസിനസ് സർവീസസ് പ്രൊഫഷണൽ പരീക്ഷ ഡയറക്ടർ സഅദ് അൽഉഖൈൽ അറിയിച്ചു. സർട്ടിഫിക്കറ്റ് പുതുക്കലിന് മറ്റൊരു പരീക്ഷ ആവശ്യമുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ചർച്ച നടക്കുകയാണ്. തൊഴിലാളികൾ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറുമ്പോൾ കമ്പനികൾ പരീക്ഷക്കായി ചെലവഴിച്ച പണം വീണ്ടെടുക്കുന്നതിനുള്ള സംവിധാനമില്ലെന്നും അൽഉഖൈൽ പറഞ്ഞു.
സൗദി മാനദണ്ഡങ്ങൾ അനുസരിച്ച് തിയറി, പ്രാക്ടിക്കൽ എന്നീ രൂപത്തിലായിരിക്കും രാജ്യത്തിനുള്ളിലെ പരീക്ഷ. ചോദ്യങ്ങളുടെ ഗുണനിലവാരം അവലോകനം ചെയ്യാനും പരിശോധിക്കാനും വിവിധ കമ്പനികളുമായി ധാരണയുണ്ടാകും. സൗദി മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികളുടെ രാജ്യങ്ങളിലെ പ്രത്യേക സ്ഥാപനങ്ങളുമായി സഹകരിച്ച് വിദേശത്ത് പരീക്ഷകൾ നടത്തും. വിദേശത്ത് വെച്ച് നടക്കുന്ന പരീക്ഷ വിദേശകാര്യ മന്ത്രാലയവുമായി ഏകോപിച്ചായിരിക്കും നടത്തുക.
പ്രൊഫഷണൽ ജോലിക്കാരന് രണ്ട് പരീക്ഷകളിലൂടെ ആവശ്യമായ കഴിവുകൾ ഉണ്ടെന്ന് പരിശോധിക്കുകയും അവിദഗ്ദ്ധ തൊഴിലാളികളുടെ ഒഴുക്ക് കുറക്കുകയുമാണ് പരീക്ഷകൾ കൊണ്ടുള്ള ഉദ്ദേശ്യം. തൊഴിൽ പരീക്ഷയുമായി ബന്ധപ്പെട്ട ആപ്പിലൂടെ പരീക്ഷകൾക്ക് ബുക്ക് ചെയ്യണമെന്നും നിർബന്ധിത കാലയളവിനു മുമ്പായി പൂർത്തിയാക്കണമെന്നും എല്ലാ സ്ഥാപനങ്ങളോടും അൽഉഖൈൽ ആവശ്യപ്പെട്ടു. നിർബന്ധിത കാലയളവിനു മുമ്പായി തൊഴിലാളികളുടെ ഗുണനിലവാരവും നൈപുണ്യവും പരിശോധിക്കുന്നത് സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യും. ജോലിയുടെ ഗുണനിലവാരം ഉയർത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പരീക്ഷ വിജയിക്കാൻ തൊഴിലാളിക്ക് മുന്ന് പ്രാവശ്യം ശ്രമം നടത്താൻ അവസരമുണ്ടാകും. മൂന്നാം തവണയും പരീക്ഷയിൽ വിജയിച്ചിട്ടില്ലെങ്കിൽ ജോലി ചെയ്യാൻ യോഗ്യതയില്ലാത്ത ആളായി ലിസ്റ്റ് ചെയ്യപ്പെടുകയും രാജ്യത്ത് നിന്ന് തിരിച്ചയക്കുകയും ചെയ്യും. തൊഴിലാളി തന്റെ രാജ്യത്ത് നിന്ന് നേടുന്ന പാസ്സിങ് സർട്ടിഫിക്കറ്റ് നിർബന്ധിത പരിശോധനക്ക് പകരമാവില്ല. ദേശീയ സമ്പദ് വ്യവസ്ഥക്ക് നഷ്‌ടമുണ്ടാക്കുന്ന അവിദഗ്ദ്ധ തൊഴിലാളികളുടെ ഭാരം പ്രൊഫഷണൽ പരീക്ഷയിലൂടെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും അൽഉഖൈൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.