എ.പി അബ്ദുല്ലകുട്ടി മക്കയിൽ ഉംറ കർമം നിർവഹിക്കുന്നു.

ഇന്ത്യൻ ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുണ്യ നഗരങ്ങളിൽ പൂർത്തിയാവുന്നു - എ.പി അബ്ദുല്ലകുട്ടി

ജിദ്ദ: ഈ വർഷത്തെ ഹജ്ജിനെത്തുന്ന ഇന്ത്യൻ ഹാജിമാർക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളിൽ സൗകര്യങ്ങളൊരുക്കുന്നത് അവസാനഘട്ടത്തിലെത്തിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലകുട്ടി അറിയിച്ചു. ഇന്ത്യൻ ഹാജിമാരുടെ സൗകര്യങ്ങൾ വിലയിരുത്താനായി സൗദിയിലെത്തിയ അദ്ദേഹം ജിദ്ദയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്രാവശ്യത്തെ ഹജ്ജ് നടപടികൾ പൂർത്തിയാക്കാൻ വളരെ കുറഞ്ഞ സമയമാണ് ലഭിച്ചതെങ്കിലും ഇന്ത്യയിൽ നിന്നും ഹജ്ജ് കമ്മിറ്റിയും സൗദിയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരും അശ്രാന്ത പരിശ്രമം നടത്തി പ്രവർത്തനങ്ങൾ പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്.

മദീനയിൽ ഇന്ത്യൻ ഹാജിമാർക്കുള്ള താമസ സൗകര്യങ്ങൾ ഒരുക്കുന്നത് പൂർത്തിയായിട്ടുണ്ട്. മസ്ജിദുന്നബവിയുടെ തൊട്ടരികിലാണ് ഇപ്രാവശ്യം ഇന്ത്യൻ ഹാജിമാരുടെ താമസം. ഇതിനായി ഹോട്ടൽ അധികാരികളുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. മക്കയിൽ ഹാജിമാർക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കാനുള്ള സൗകര്യം കണക്കാക്കി മുഴുവൻ ഹാജിമാർക്കും അസീസിയയിലാണ് താമസസൗകര്യം ഒരുക്കുന്നത്. ഇവിടെ നിന്നും മസ്ജിദുൽ ഹറാമിലേക്ക് കുറഞ്ഞ നിരക്കിൽ ബസ് സർവീസ് നടത്തുന്നതിനുള്ള ടെൻഡർ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു. മക്കയിലെ ഹോട്ടലുകൾ, ഉടമകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കൂ.

കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടി ജിദ്ദയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.

79,362 പേരാണ് വർഷം ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്നത്. ഇവരിൽ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മറ്റി മുഖേനയും 30 ശതമാനം സ്വകാര്യ കമ്പനികൾ മുഖേനയുമാണ് സൗദിയിലെത്തുക. ഡൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗലൂരു, ലക്നൗ, കൊച്ചി, ഗുവാഹത്തി, ശ്രീനഗർ എന്നിങ്ങനെ 10 എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് ഇന്ത്യയിൽ നിന്നും ഹാജിമാരെ സൗദിയിലെത്തിക്കുക. കൊച്ചിയിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർത്ഥാടകരുള്ളത്. സൗദിയ, ഫ്ലൈ നാസ്, സ്‌പൈസ് ജെറ്റ് എന്നീ വിമാനങ്ങളാണ് ഹജ്ജ് സർവിസ് നടത്തുക. ഭൂരിപക്ഷം തീർത്ഥാടകരെയും സൗദിയ വിമാനത്തിലാണ് പുണ്യഭൂമിയിലെത്തിക്കുക.

2019 ൽ നിശ്ചയിച്ച വിമാന ടിക്കറ്റ് നിരക്കിൽ ഇപ്രാവശ്യം കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. ഏകദേശം 1,25,000 രൂപയുമായി ഗുവാഹത്തിയിൽ നിന്നാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് നിരക്ക്. ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് 65,000 രൂപ മുംബൈയിൽ നിന്നാണ്. കൊച്ചിയിൽ നിന്ന് ഏകദേശം 71,000 രൂപ ടിക്കറ്റ് നിരക്ക് വരും. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർത്ഥാടകർക്ക് ഏകദേശം മൂന്നര ലക്ഷം രൂപയായിരിക്കും ഹജ്ജിന് ചിലവ് വരിക എന്നാണ് പ്രതീക്ഷ. മെയ് 31 നായിരിക്കും ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. എന്നാൽ ആദ്യ വിമാനം എവിടെ നിന്നാണെന്ന് തീരുമാനമായിട്ടില്ല.

നേരത്തെ ഉണ്ടായിരുന്ന 21 ഹജ്ജ് എംബാർക്കേഷൻ പോയിന്റുകൾ 10 ആക്കി ചുരുക്കിയതുകൊണ്ടാണ് ഇപ്രാവശ്യം കോഴിക്കോട് വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയിന്റായി പരിഗണിക്കാതിരുന്നത്. എന്നാൽ മലബാറിന്റെ തലസ്ഥാനമാണ് കോഴിക്കോടെന്നും കോഴിക്കോട് വിമാനത്താവളം അടുത്ത പ്രാവശ്യം ഹജ്ജ് എംബാർക്കേഷൻ പോയിന്റായി നിലനിർത്താനും വിമാനത്താവളത്തെ എല്ലാവിധത്തിലും സംരക്ഷിക്കാനും താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും എ.പി അബ്ദുല്ലകുട്ടി പറഞ്ഞു.

കണ്ണൂർ വിമാനത്താവളവും ഹജ്ജ് എംബാർക്കേഷൻ ആയി തിരഞ്ഞെടുക്കണമെന്ന് ആവശ്യം വന്നിട്ടുണ്ടെന്നും കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കനുവദിച്ച ഹജ്ജ് ക്വാട്ടയിൽ എന്തെങ്കിലും വർദ്ധനവ് സാധ്യമാണോയെന്ന് സൗദി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്രാവശ്യത്തെ ഇന്ത്യൻ ഹജ്ജ് ഡെലിഗേഷൻ സംഘത്തിൽ താനും ഹജ്ജിനെത്തുമെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു. നേരത്തെ ഹജ്ജ് സംബന്ധമായി കോഴിക്കോട് നടത്തിയ തന്റെ പ്രസംഗത്തിൽ ദുബായ് ഭരണാധികാരി ഇന്ത്യക്ക് ഹജ്ജ് ക്വാട്ട വർധിപ്പിച്ചു നൽകി എന്ന് പറഞ്ഞത് നാക്ക് പിഴയായി സംഭവിച്ചതാണെന്ന് അബ്ദുല്ലകുട്ടി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡർ ആയി താങ്കളുടെ പേരും ഉയർന്നു കേൾക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് താൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും സൗദിയിലെ ഇന്ത്യൻ അംബാസഡർ ആയി ഏറ്റവും അർഹനായ ആൾ തന്നെ ഉടനെ ചുമതലയേൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൃസ്വസന്ദർശനത്തിനിടയിൽ ഉംറ കർമം നിർവഹിച്ച എ.പി അബ്ദുല്ലകുട്ടി ബുധനാഴ്ച ഡൽഹിയിലേക്ക് മടങ്ങും.

Tags:    
News Summary - Preparations for the reception of Indian pilgrims are being completed in the holy cities - AP Hajj Committee Chairman AP Abdullakutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.