പ്രവാസി വെൽഫയർ മലസ് ഏരിയ സമ്മേളനം സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ നേരിടാൻ ബദലായി സാഹോദര്യത്തിന്റെ രാഷ്ട്രീയം ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ടെന്ന് പ്രവാസി വെൽഫയർ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി പറഞ്ഞു. മലസ് ഏരിയാകമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് നിയമം പോലെ വിവാദ നിയമങ്ങൾ ചുട്ടെടുത്ത് ഭരണഘടനയെ പോലും വെല്ലുവിളിക്കുന്നു. അധികാരം കൈയിൽ വെച്ച് സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വർഗീയതയും വളർത്തുന്നവരെ തുറന്നു കാട്ടണം.
നവോത്ഥാന നായകർ മുന്നോട്ടുവെച്ച സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും തുടർച്ചയാണ് വെൽഫെയർ പാർട്ടി. സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ഭരണ-രാഷ്ട്രീയ തലങ്ങളിൽ അധികാര പങ്കാളിത്തം ഉറപ്പാക്കുന്നതിന് സമൂലമായ മാറ്റങ്ങൾ ആവശ്യമാണ്. ആദിവാസി ദലിത് മറ്റു പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ട്. സാമൂഹിക നീതിയും തുല്യപ്രാതിനിധ്യവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.
സെൻട്രൽ കമ്മിറ്റി അംഗം ശിഹാബുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. മഹാന്മാരുടെ മാതൃക പിന്തുടർന്ന് സമൂഹത്തിലെ നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം പ്രവർത്തകരെ ഉണർത്തി. വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രക്ക് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഏരിയ പ്രസിഡൻറ് അജ്മൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിശകലനം ചെയ്ത സമ്മേളനം പ്രവാസി സമൂഹത്തിെൻറ ഉന്നമനത്തിനായി സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.കെ. അസ്ലം, ഫിർനാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.