പ്രവാസി വനിതാദിനാഘോഷത്തിൽ ഡൂൺസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് സംസാരിക്കുന്നു
റിയാദ്: പാഷനുകൾ അടക്കിപ്പിടിച്ചു വീടകങ്ങളിലേക്ക് ഒതുങ്ങിയിരിക്കുന്നതിന് പകരം പ്രവാസി വനിതകൾ തൊഴിലിടങ്ങളിലേക്കും സാമൂഹിക മുഖ്യധാരയിലേക്കും
കടന്നുവരണമെന്ന് റിയാദിലെ ഡൂൺസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് പറഞ്ഞു.
പ്രവാസി വെൽഫെയർ സംഘടിപ്പിച്ച അന്ത്രാരാഷ്ട്ര വനിതദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. തീവ്രമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രമേ നമ്മുടെ അഭിലാഷങ്ങളും സാമൂഹിക പിന്നാക്കാവസ്ഥയും പരിഹരിക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു. ഷഹനാസ് സാഹിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. വനിതകൾ അരാഷ്ട്രീയ വത്കരിക്കപ്പെടുന്നതും നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിൽ കൊല്ലപ്പെടുന്നതും തടയണമെന്ന് ഷഹനാസ് ആവശ്യപ്പെട്ടു. കൂട്ട ആത്മഹത്യ ചെയ്ത ഷൈനിയും മക്കളും ലഹരിയുടെ കുത്തൊഴുക്കിൽ ജീവിതം ഹോമിക്കപ്പെടുന്നവരും നമ്മുടെ കുത്തഴിഞ്ഞ രാഷ്ട്രീയ സാമൂഹിക സംസ്കാരത്തിന്റെ ഇരകളാണെന്നും അവർ പറഞ്ഞു.
ഹസ്ന അയ്യുബ് ഖാൻ, ഹനിയ യാസിർ, ഷംനു എന്നിവർ ഗാനങ്ങൾ ആലപിച്ചു. സാമൂഹികനീതിക്കായുള്ള പോരാട്ടത്തിൽ വനിതാസാന്നിധ്യം നിർണായകമാണെന്ന് ചരിത്രം വിശകലനം ചെയ്ത് പ്രവാസി പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി പറഞ്ഞു. വനിതാദിന സ്പെഷൽ ക്വിസ് പരിപാടിക്ക് അവതാരകയായ ഫജ്ന ഷഹ്ദാൻ നേതൃത്വം നൽകി. മുഖ്യാതിഥി സംഗീത അനൂപിന് ഷഹനാസ് സാഹിൽ ആദരഫലകം സമ്മാനിച്ചു.
ഇഫ്താർ വിരുന്നിൽ കുടുംബങ്ങളടക്കം നിരവധി പേർ പങ്കെടുത്തു. വീട്ടിൽ തയാറാക്കിയ വിഭവങ്ങൾ കൊണ്ടായിരുന്നു നോമ്പുതുറ. പ്രവാസി കേന്ദ്രകമ്മിറ്റി അംഗം ആയിഷ സഈദ് അലി സ്വാഗതവും ജസീറ അജ്മൽ നന്ദിയും പറഞ്ഞു.
ഇഫ്താറിന് ഹഫ്സത്ത് റഹ്മത്തുല്ല, പ്രസീത സഞ്ജു, ഷെൽസ നൗഷാദ്, ജാമിഅ ഖലീൽ, ഫിദ മുനീർ, ഷംനു ലുക്മാൻ, ഹസ്ന അയ്യൂബ്, ഷാഹിന അലി, സബ്ന ലതീഫ്, അഫീഹ ഫായിസ്, അഫ്നിദ അഷ്ഫാഖ്, സിനി ഷാനവാസ്, സനിത മുസ്തഫ, റഷീഖ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.