റിയാദ്/തിരുവനന്തപുരം: പ്രവാസി ലീഗൽ സെൽ (പി.എൽ.സി) കേരള ചാപ്റ്റർ പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ‘പ്രവാസി മീറ്റ് 2025’ സംഘടിപ്പിക്കുന്നു. ഈ മാസം 28ന് ഉച്ചക്കുശേഷം ഒന്നു മുതല്‍ വൈകീട്ട് ആറു വരെ തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള വൈ.എം.സി.എ കെ.സി. ഈപ്പന് ഹാളിലാണ് സംഗമം. തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻറ്സ് മേജര്‍ ശശാങ്ക് ത്രിപാഠി ഉദ്ഘാടനം ചെയ്യും. മുന്‍ ജില്ല ജഡ്ജി പി. മോഹനദാസ് അധ്യക്ഷതവഹിക്കും.
തിരുവനന്തപുരം സബ് ജഡ്ജിയും ജില്ല ലീഗല്‍ സർവിസ് അതോറിറ്റി സെക്രട്ടറിയുമായ എസ്. ഷംനാദ് മുഖ്യപ്രഭാഷണം നിർവഹിക്കും. ഇന്റര്‍നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആൻഡ് ഡവലപ്മെന്റ് ചെയര്മാന് പ്രഫ. എസ്. ഇരുദയ രാജന്, നോര്‍ക്ക റൂട്സ് ജനറൽ മാനേജർ പി. രശ്മി, പ്രവാസി ക്ഷേമ ബോർഡ് ഫിനാൻസ് മാനേജർ ടി. ജയകുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സുപ്രീം കോടതി അഭിഭാഷകനും പി.എൽ.സി ഗ്ലോബല്‍ പ്രസിഡന്റുമായ അഡ്വ. ജോസ് എബ്രഹാം ലക്ഷ്യവും ദൗത്യവും വിശദീകരിക്കും. സാമൂഹിക പ്രവര്‍ത്തക ഷീബ രാമചന്ദ്രന്, സംസ്ഥാന ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത്, നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ ഖാന് എന്നിവര്‍ സംസാരിക്കും. ലഘുലേഖയുടെ പ്രകാശനം, പി.എൽ.സി സൗദി ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.
‘ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം: നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പാനൽ ചർച്ചയും ഓപൺ ഫോറവും നടത്തും. വിദേശത്ത് നൽകാത്ത വേതനം, സേവനാനന്തര ആനുകൂല്യങ്ങൾ, നീതി എന്നിവ ലഭിക്കുന്നതിനുള്ള തടസങ്ങൾ, ഇന്ത്യയുടെ നിലവിലുള്ള നിയമ, നയ, നയതന്ത്ര ചട്ടക്കൂടുകൾക്കുള്ളിലെ പരിഹാരങ്ങളെക്കുറിച്ചുള്ള അന്വേഷണം, ഒരു കമ്പനിയിലെ 140 മുൻ തൊഴിലാളികളുടെ സർവിസ് ആനുകൂല്യങ്ങൾ നൽകാതെ വഞ്ചിച്ച കേസ് എന്നിവയിലായിരിക്കും ചർച്ചയുടെ ഊന്നൽ. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം മോഡറേറ്ററാവും.
ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ, ട്രഷറർ തൽഹത് പൂവച്ചൽ, ഭരണസമിതി അംഗങ്ങളായ നിയാസ് പൂജപ്പുര, അനിൽ കുമാർ, നന്ദഗോപകുമാർ, ബെന്നി പെരികിലാത്, ജിഹാൻഗിർ, ശ്രീകുമാർ, ബഷീർ ചേർത്തല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.