യാംബു: ഏപ്രിൽ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പ് നാട്ടിലാണെങ്കിലും പ്രവാസികളുടെ ആവേശത്തിന് ഒട്ടുംകുറവില്ല. മുൻവർഷങ്ങളിൽനിന്ന് ഭിന്നമായി കോവിഡ്കാലത്ത് പ്രവാസലോകത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം ഓൺലൈൻ സംഗമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കേന്ദ്രീകരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിലയിരുത്തലും സ്ഥാനാർഥികളുടെ ജയപരാജയങ്ങളും പോർവിളികളുമായി പ്രവാസി മലയാളികൾ സമൂഹ മാധ്യമ കളത്തിൽ നിറഞ്ഞുനിൽക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി ഘടകങ്ങളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ്. അണികൾക്ക് ആവേശം പകരാനും നാട്ടിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് എല്ലാ സംഘടനാപ്രവർത്തകരും.
പ്രവാസികൾക്ക് വിദേശത്ത് വോട്ടുചെയ്യാനുള്ള സംവിധാനം ഇതുവരെയും ഒരുക്കാത്ത അധികൃതരുടെ അനാസ്ഥയിൽ കടുത്ത അമർഷത്തോടെയാണ് ഈ തെരഞ്ഞെടുപ്പും പ്രവാസികൾ അഭിമുഖീകരിക്കുന്നത്. വോട്ടർപട്ടികയിൽ ഇതുവരെ പേരു ചേർക്കാൻ കഴിയാത്ത പ്രവാസികളും ഏറെ. വിദേശങ്ങളിലുള്ള 24 ലക്ഷം പ്രവാസികളിൽ 93,415 പേർക്കാണ് വോട്ടർ പട്ടികയിൽ ഇടംപിടിക്കാനായത്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിലാണ് ഇക്കാര്യമുള്ളത്. പ്രവാസി മലയാളി വോട്ടർമാരുടെ പട്ടികയിൽ 87,318 പുരുഷന്മാരും 6086 സ്ത്രീകളും 11 ട്രാൻസ്ജെൻഡർമാരും ആണുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പ്രവാസി വോട്ടറായി പട്ടികയിലില്ലാത്ത പ്രവാസികളും സാധാരണ വോട്ടറായി പട്ടികയിലുണ്ടാവാനിടയുണ്ട്. എന്നാൽ നിയമപ്രകാരം അവർ പ്രവാസി വോട്ടറായി പട്ടികയിൽ പേര് ചേർത്തെങ്കിലേ കേന്ദ്ര സർക്കാർ പ്രവാസി വോട്ട് നടപ്പിലാക്കിയാൽ വോട്ടവകാശം വിനിയോഗിക്കാനാകൂവെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. കോവിഡ് പ്രതിസന്ധി കാരണം സാമൂഹിക ഒത്തുചേരലിന് പരിമിതിയുള്ളതിനാൽ പരസ്യമായ തെരെഞ്ഞടുപ്പ് പ്രചാരണ പരിപാടികളും യോഗങ്ങളും പ്രവാസലോകത്ത് ഇല്ലെന്നുതന്നെ പറയാം.
മുൻ വർഷങ്ങളിൽ വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് മീഡിയ ഫോറത്തിെൻറയും പൊതു കൂട്ടായ്മകളുടെയും പേരിൽ സംവാദങ്ങളും സൗഹൃദ ചർച്ചകളും ആവേശപൂർവം നടന്നിരുന്നു. ഇത്തവണ ദമ്മാമിൽ മാത്രമാണ് പരിമിതമായ തോതിൽ അത്തരത്തിൽ പരിപാടി അരങ്ങേറിയത്.
'പോർക്കളം', 'അങ്കത്തട്ട്', 'നേർക്കുനേർ', 'ജനഹിതം'തുടങ്ങിയ പേരുകളിൽ നടന്നിരുന്ന സംവാദങ്ങൾ തെരഞ്ഞെടുപ്പാവേശം വർധിപ്പിച്ചിരുന്നതായി സംഘടനാ പ്രവർത്തകർ പറയുന്നു. ഓൺലൈൻ പ്ലാറ്റ്ഫോറം വഴി പ്രവാസി സംഘടനകൾ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഇതിനകം സംഘടിപ്പിച്ചുകഴിഞ്ഞു.
ഓൺലൈൻ പരിപാടിയായതിനാൽ നാട്ടിൽനിന്ന് തങ്ങളുദ്ദേശിക്കുന്ന രാഷ്ട്രീയ നേതാക്കളെയും സ്ഥാനാർഥികളെയും സംഗമങ്ങളിൽ സംസാരിക്കാൻ കിട്ടുന്നുവെന്നത് കോവിഡിെൻറ ഗുണഫലമായി വിലയിരുത്തുന്നവരുണ്ട്.
പ്രവാസി വോട്ടുറപ്പിക്കാൻ ഗൾഫ് നാടുകളിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലേക്ക് രാഷ്ട്രീയ നേതാക്കളെത്തുന്ന പതിവ് മുൻകാലങ്ങളിലുണ്ടായിരുന്നു. വോട്ട് മാത്രമല്ല പ്രവാസികളിൽനിന്ന് പിരിവുകൂടി ലക്ഷ്യമിട്ടായിരുന്നു ഇവരിൽ പലരും വിമാനം കയറിയിരുന്നത്. ഗൾഫിലെത്തി ഒരാഴ്ച കറങ്ങി വോട്ടും നോട്ടും പോക്കറ്റിലാക്കി മടങ്ങുകയായിരുന്നു പതിവ്. ഇത്തവണ നേതാക്കളാരും വിമാനം കയറിയിട്ടില്ല.
സ്ഥാനാർഥികൾ മുതൽ മുതിർന്ന നേതാക്കൾവരെ പങ്കെടുക്കുന്ന ഓൺലൈൻ യോഗങ്ങൾ സജീവമായി ഇടതു വലത് മുന്നണികളും മറ്റു രാഷ്ട്രീയ പാർട്ടികളും നടത്തുന്നുണ്ട്. പ്രവാസി സംഘടനകളായ കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, പ്രവാസി സാംസ്കാരിക വേദി, ഇന്ത്യൻ സോഷ്യൽ ഫോറം തുടങ്ങിയ സംഘടനകളാണ് ഇങ്ങനെ പ്രചാരണ കാമ്പയിൻ നടത്തുന്നത്. രാത്രിയാണ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഏറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.