ജിദ്ദ: ഹറമൈൻ എക്സ്പ്രസ് ട്രെയിൻ സർവീസ് സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തതോടെ യാഥാർഥ്യമായത് മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതി. പൊതുഗതാഗത രംഗത്ത് സൗദി ഭരണകൂടം വിവിധ വൻകിട പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നുണ്ടെങ്കിലും രാജ്യത്തെ പശ്ചിമ മേഖലയിൽ നടപ്പാക്കിയ ഏറ്റവും ഭീമൻ പദ്ധതിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. അതോടൊപ്പം രാജ്യത്തെ ആദ്യ എക്സ്പ്രസ് ട്രെയിൻ സർവീസുമാണ്. പടിഞ്ഞാറൻ മേഖലയിലെ സ്വദേശികളും വിദേശികളുമായവരുടെ ചിരകാലാഭിലാഷമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്.
തീർഥാടന ചരിത്രത്തിലെ ഒരു നാഴിക്കല്ലായാണ് ഇരുഹറമുകളുടെ ബന്ധിപ്പിക്കുന്ന ഹറമൈൻ റെയിൽവേ പദ്ധതിയെ വിശേഷിപ്പിക്കുന്നത് തന്നെ. മക്ക, ജിദ്ദ, മദീന പട്ടണങ്ങൾക്കിടയിൽ സ്വദേശികൾക്കും വിദേശികൾക്കും മാത്രമല്ല, ലക്ഷക്കണക്കിന് ഹജ്ജ് ഉംറ യാത്രക്കാർക്കും ഉപകാരപ്പെടുന്ന പദ്ധതിയാണിത്. യാത്ര രംഗത്തെ പ്രയാസങ്ങളും റോഡുകളിലെ തിരക്കും മലിനീകരണം കുറക്കാനും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തുവാനും ഇതോടെ സാധിക്കും. അതോടൊപ്പം മേഖലയുടെ സാമ്പത്തിക വളർച്ചക്കും വികസനത്തിനും ഏറെ ഉപകരിക്കും. 2011ലാണ് 450 കിലോ മീറ്റർ നീളം വരുന്ന അൽഹറമൈൻ റെയിൽവേ പദ്ധതിയുടെ നിർമാണ ജോലികൾ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായി ശതകോടികൾ ചെലവഴിച്ചാണ് അഞ്ച് റെയിൽവേ സ്റ്റേഷനുകളോട് കൂടിയ റെയിൽവേ പദ്ധതി സൗദി ഭരണകൂടം പൂർത്തിയാക്കിയത്. ഒരു വർഷംമുമ്പ് ട്രെയിനുകളുടെ പരീക്ഷണ ഒാട്ടം ആരംഭിച്ചിരുന്നു.
മദീനക്കും കിങ് അബ്ദുല്ല സിറ്റിക്കുമിടയിലാണ് ആദ്യ പരീക്ഷണ ഒാട്ടം നടന്നത്.
നിർമാണ ജോലികൾ പൂർത്തിയാകുന്നതിന് അനുസരിച്ച് ജിദ്ദയിലേക്കും പിന്നീട് ജിദ്ദക്കും മക്കക്കും ഇടയിലും പരീക്ഷണം ഒാട്ടം തുടങ്ങി. സ്വദേശികൾക്ക് മാത്രമായി വരാന്ത്യഅവധി ദിവസങ്ങളിൽ മക്കക്കും മദീനക്കുമിടയിൽ സൗജന്യ സർവീസുകളും നടത്തി. ഒക്ടോബർ നാല് മുതൽ ട്രെയിനുകൾ യാത്രക്കാരെയും വഹിച്ചു മക്കക്കും മദീനക്കുമിടയിൽ ചീറിപ്പായും. ലോകത്തെ ഏറ്റവും നൂതനമായ ട്രെയിനുകളാണ് സർവീസ് നടത്താൻ ഇറക്കുമതി ചെയ്തിരിക്കുന്നത്. കൺട്രോൾ, സിഗ്നൽ, ടിക്കറ്റിങ് രംഗത്ത് ഉയർന്ന സാേങ്കതിക സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ട്രെയിൻ പ്രവർത്തിപ്പിക്കുന്നതിനായി 3000ത്തികമാളുകളും രംഗത്തുണ്ട്. സ്വദേശികളാണ് ഇവരിൽ ഭൂരിഭാഗമാളുകളെന്ന പ്രത്യേക കൂടിയുണ്ട്. ആരംഭത്തിൽ സർവീസുകളുടെ എണ്ണം കുറയുമെങ്കിലും ക്രമേണ കൂട്ടാനാണ് പദ്ധതി. 35 ഒാളം ട്രെയിനുകളുണ്ട്. മുഴുവൻ ട്രെയിനുകളും പ്രവർത്തിപ്പിക്കുന്നതോടെ ഒരു ദിവസം 1,60,000 പേർക്കും വർഷത്തിൽ ഏകദേശം 60 ദശലക്ഷം പേർക്കും യാത്ര ചെയ്യാനാകുമെന്നാണ് സൗദി റെയിൽവേയുടെ കണക്ക് കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.