മക്ക: ഹജ്ജ് വേളയിൽ തീർഥാടകർ ‘മെഡിക്കൽ ഇൻഫർമേഷൻ ബ്രേസ്ലെറ്റ്’ ധരിക്കേണ്ടതിെൻറ പ്രാധാന്യം ഊന്നിപ്പറഞ്ഞ് സൗദി ആരോഗ്യ മന്ത്രാലയം. അടിയന്തര സാഹചര്യങ്ങളിൽ അത്യാഹിത വിഭാഗത്തിന് തീർഥാടകരുടെ ആരോഗ്യവിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ഉടൻ ആവശ്യമായ പരിചരണം ഉറപ്പാക്കാനും ഈ ഉപകരണം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിെൻറ ഔദ്യോഗിക ബോധവത്കരണ പ്ലാറ്റ്ഫോമായ ‘ലൈവ് ഹെൽത്തി’യിലൂടെയാണ് ഈ നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. തീർഥാടകരുടെ നിലവിലെ ആരോഗ്യസ്ഥിതി, അവർക്കുള്ള വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങിയ അവശ്യ വിവരങ്ങളാണ് ഈ മെഡിക്കൽ ബ്രേസ്ലെറ്റിൽ ഉള്ളടങ്ങുക.
ഇത് ആരോഗ്യ സംരക്ഷണ വിദഗ്ധർക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യമായ ചികിത്സ തീരുമാനങ്ങൾ എടുക്കാൻ സഹായകരമാകും. പ്രത്യേകിച്ച് അടിയന്തര ഇടപെടലുകൾ ആവശ്യമുള്ള സന്ദർഭങ്ങളിൽ, പരിക്കേറ്റ വ്യക്തിയുടെ മുൻകാല മെഡിക്കൽ ചരിത്രം പരിശോധിക്കാൻ എടുക്കുന്ന സമയം ലാഭിക്കാനും ആംബുലൻസ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഹജ്ജ് യാത്രയിലുടനീളം തീർഥാടകരിൽ പ്രതിരോധ അവബോധം വളർത്തുന്നതിനും അവരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി മന്ത്രാലയം നടപ്പിലാക്കുന്ന ‘ഹജ്ജ് ഇൻ ഗുഡ് ഹെൽത്ത്’ എന്ന സംരംഭത്തിെൻറ ഭാഗമായാണ് ഈ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ഹജ്ജ് സീസണിൽ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി പ്രസിദ്ധീകരിക്കുന്ന ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കാനും മന്ത്രാലയം തീർഥാടകരോട് അഭ്യർഥിച്ചു. തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള ആരോഗ്യ-ബോധവത്കരണ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും, മെഡിക്കൽ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമായി ‘937’ എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹജ്ജ് തീർഥാടനം നടപ്പാതകളിൽ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കാൻ 2400 വാട്ടർ ടാപ്പുകൾ
മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി പുണ്യസ്ഥലങ്ങളിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി. തീർഥാടകർ സഞ്ചരിക്കുന്ന പ്രധാന നടപ്പാതകളിൽ 24 മണിക്കൂറും തണുത്തതും ശുദ്ധവുമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി അത്യാധുനിക എൻജിനീയറിങ് സാങ്കേതികവിദ്യയോടെ രൂപകൽപന ചെയ്ത 2400-ലധികം വാട്ടർ ടാപ്പുകൾ സ്ഥാപിച്ചു. മക്ക, മശാഇർ റോയൽ കമീഷെൻറ എക്സിക്യൂട്ടിവ് വിഭാഗമായ ‘കദാന ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെൻറ് കമ്പനി’യാണ് ഈ ബൃഹത്തായ പദ്ധതി നടപ്പാക്കിയത്.
തീർഥാടകർക്ക് കേവലം സേവനങ്ങൾ നൽകുന്നതിനപ്പുറം, പുണ്യസ്ഥലങ്ങൾക്കിടയിലൂടെയുള്ള കാൽനടയാത്രയിൽ കടുത്ത ചൂട് മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും സമ്മർദവും കുറക്കുക, അവരുടെ സുരക്ഷ വർധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷത്തിൽ മികച്ചൊരു ഹജ്ജ് അനുഭവം തീർഥാടകർക്ക് സമ്മാനിക്കാൻ ഈ ക്രമീകരണം സഹായിക്കും. ഉയർന്ന നിലവാരത്തിലും തടസ്സമില്ലാതെയും ജലവിതരണം ഉറപ്പാക്കുന്ന ആധുനിക സാങ്കേതിക പരിഹാരങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സേവന അടിസ്ഥാന സൗകര്യങ്ങളുടെ സുസ്ഥിരതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിൽ കദാന കമ്പനിക്കുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ഈ പുതിയ കാൽവെപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.