കേരള ഹജ്ജ് ഗ്രൂപ്പിൽ ഹജ്ജിനെത്തിയവർ മദീനയിലെ വിവിധ ചരിത്രപ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ
മദീന: ഹജ്ജ് കർമത്തിന് മുന്നോടിയായി പ്രവാചക നഗരിയായ മദീനയിലെത്തിയ മലയാളികൾ അടക്കമുള്ള തീർഥാടകരിൽ ചിലർ ഇവിടുത്തെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലെ സന്ദർശനം പൂർത്തിയാക്കി. ഹജ്ജിന് മുൻപായി മദീനയിലെത്തുന്ന ഹാജിമാർ മസ്ജിദുന്നബവി സന്ദർശിക്കുന്നതോടൊപ്പം തന്നെ ഇസ്ലാമിക ചരിത്രത്തിൽ സവിശേഷമായി അടയാളപ്പെടുത്തിയ ഇടങ്ങൾ കൂടി തൊട്ടറിയാനാണ് ഇവിടെയെത്തുന്നത്.
അതേസമയം, ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മറ്റു തീർഥാടകർ ചരിത്ര ശേഷിപ്പുകൾ കാണാനായി മദീനയിലേക്ക് എത്തുക. രാജ്യത്തെ ഇത്തരം ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതിലൂടെ വിശ്വാസികൾക്ക് ഇസ്ലാമിക ചരിത്രത്തിെൻറ നാൾവഴികൾ നേരിട്ട് മനസ്സിലാക്കാനും ആത്മഹർഷം കൊള്ളാനും സാധിക്കുന്നുണ്ട്. ഹജ്ജിനായെത്തുന്ന ഹാജിമാർ ഈ ചരിത്രയിടങ്ങൾ കൂടി സന്ദർശിച്ച് തങ്ങളുടെ ആത്മീയ യാത്ര പൂർണ്ണമാക്കിയാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നത്.
ദിവസേന ധാരാളം തീർഥാടകരാണ് മദീനയിലെ ചരിത്ര പ്രദേശങ്ങൾ കാണാനും അതിെൻറ പശ്ചാത്തലം ഗ്രഹിക്കാനുമായി എത്തിച്ചേരുന്നത്. ഉഹ്ദ് പോരാളികളുടെ ഖബറിടം, ഉഹ്ദ് മല, ബിഅ്ർ ഉസ്മാന്, ബിഅ്ർ ഗര്‍സ്, മസ്ജിദ് ഖിബ് ലതൈന്‍, ഹദീഖതുൽ ബൈഅ, മസ്ജിദുൽ ഗമാമ, ഖസ്ര് ഉര്‍വത് ബ്നു സുബൈര്‍, ഹിജാസ് റെയിവെ സ്റ്റേഷന്, ഖസ്ര് കഅ്ബ് ബ്നു അഷ്റഫ്, സല്‍മാനുല്‍ ഫാരിസിയുടെ ഈത്തപ്പനത്തോട്ടം, ജുറൂഫ് താഴ് വര, മദീനയിലെ ഏറ്റവും പൗരാണികമായ പള്ളി നിൽക്കുന്ന തോട്ടം, മുഹമ്മദ് നബിയുടെ കൊച്ചുമകൾ ഫാത്തിമത്തുസ്സുഹ്റയുടെ വീട്, പ്രവാചകൻ നിർമിച്ച ആദ്യ പള്ളിയായ മസ്ജിദ് ഖുബാ തുടങ്ങിയ പ്രവാചക നഗരിയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് തങ്ങളുടെ സൗകര്യവും സാധ്യതയും അനുസരിച്ചാണ് തീർഥാടകർ സന്ദർശനം നടത്തുന്നത്.
നാട്ടിൽ നിന്ന് കേട്ടറിഞ്ഞതും പഠിച്ചതുമായ ഇസ്ലാമിക ചരിത്രം ഉറങ്ങുന്ന മണ്ണിൽ നേരിട്ടെത്താനും, പ്രവാചകൻ മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും പാദസ്പർശമേറ്റ പുണ്യഭൂമികൾ കണ്ടറിയാനും അവസരം ലഭിച്ചതിൽ നിറഞ്ഞ ആത്മസംതൃപ്തിയോടെയാണ് എല്ലാ തീർഥാടകരും മടങ്ങുന്നത്.
സ്വകാര്യ ഗ്രൂപ്പുകൾ വഴി എത്തിയ ഹാജിമാരാണ് ഹജ്ജിന് മുൻപ് തന്നെ മദീന സന്ദർശനം പൂർത്തിയാക്കിയിട്ടുള്ളത്. എന്നാൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ തീർഥാടകർ ഹജ്ജ് കർമങ്ങൾക്ക് ശേഷമായിരിക്കും മദീന സന്ദർശിക്കുക. നിലവിൽ മദീന സന്ദർശനം പൂർത്തിയാക്കിയ സ്വകാര്യ ഗ്രൂപ്പുകളിലെ ഹാജിമാരിൽ പലരും ഇപ്പോൾ പുണ്യനഗരമായ മക്കയിലേക്ക് മടങ്ങുന്ന തിരക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.