വിദേശ യൂനിവേഴ്​സിറ്റികൾക്ക് അനുമതി

ദമ്മാം: സൗദി അറേബ്യയിൽ പ്രമുഖ വിദേശ സർവകലാശാലകളുടെ ശാഖകൾ സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

സൗദി വിദ്യാർഥികളുടെ തനത് പാരമ്പര്യവും സ്വത്വവും സംരക്ഷിച്ചുകൊണ്ടുതന്നെ രാജ്യത്തെ യൂനിവേഴ്സിറ്റി വിദ്യാഭ്യാസം വൈവിധ്യവത്കരിക്കുന്നതാണ് പുതിയ തീരുമാനം. നിലവിൽ ഉന്നത വിദ്യാഭ്യാസ തുടർച്ചക്ക്​ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക്​ പരിഹാരം കൂടിയാകും വിദേശ സർവകലാശാലകളുടെ സൗദിയിലേക്കുള്ള വരവ്.

രാജ്യത്ത് വിദേശ സർവകലാശാലകളുടെ ശാഖകൾ തുറക്കുന്നതിന്​ നിരവധി നിർദേശങ്ങളും അഭിപ്രായങ്ങളും വിദഗ്ധരിൽനിന്ന് മന്ത്രാലയം നേരത്തേ തേടിയിരുന്നു​. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങൾ രൂപവത്കരിച്ചത്. വിദേശ സർവകലാശാലകളുടെ ശാഖകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് പഠനം നടത്താൻ സ്ഥിരം സമിതി രൂപവത്കരിക്കണമെന്ന നിർദേശമാണ് ആദ്യം നടപ്പാക്കിയത്. സൗദി മന്ത്രിസഭയുടെ പ്രത്യേക അംഗീകാരം നേടി മാത്രമേ വിദേശ സർവകലാശാലക്ക് രാജ്യത്ത് ശാഖ തുറക്കാനാവുകയുള്ളൂ​.

സൗദി യൂനിവേഴ്സിറ്റി അഫയേഴ്സ് കൗൺസിലിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ വിദേശ സർവകലാശാല കൗൺസിൽ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ബ്രാഞ്ചുകൾ തുറക്കാം. അതിനായി സർവകലാശാലകൾ തങ്ങളുടെ കൃത്യമായ വിവരങ്ങളും കോഴ്​സ്​ വിവരങ്ങളും ഉൾപ്പെടുത്തി അംഗീകാരത്തിനായി അപേക്ഷ നൽകണം.

ഒപ്പം, സൗദിയിൽ ശാഖ സ്ഥാപിച്ചാൽ എങ്ങനെ ഫലപ്രദമായി പ്രവർത്തിക്കാനാവും എന്ന് പഠനം നടത്തി അതിന്റെ റിപ്പോർട്ടും സമർപ്പിക്കണം.

യൂനിവേഴ്സിറ്റി ശാഖയുടെ ചട്ടം, അതിന്റെ ഫാക്കൽറ്റികൾ, വകുപ്പുകൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ, ഗവേഷണ യൂനിറ്റുകൾ, ശാസ്ത്രീയ സ്പെഷലൈസേഷനുകൾ ഇവ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന തീയതി എന്നിവയാണ് അപേക്ഷയോടൊപ്പം വ്യക്തമാക്കേണ്ട വിവരങ്ങൾ. എല്ലാ പഠനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ യൂനിവേഴ്​സിറ്റി ബാധ്യസ്ഥമാണ്​. സാമ്പത്തിക നിയന്ത്രണ സംവിധാനം, ഏതെങ്കിലും കാരണവശാൽ യൂനിവേഴ്​സിറ്റി ശാഖ നിർത്തലാക്കേണ്ടിവന്നാൽ അതിന് പാലിക്കേണ്ട നിയമങ്ങൾ, ഫണ്ടുകൾ ലഭ്യമാകുന്ന വഴികൾ തുടങ്ങിയ എല്ലാ വശങ്ങളും പരിശോധിച്ച് അപേക്ഷയിന്മേൽ​ മന്ത്രിസഭയുടെ അംഗീകാരം തേടും. അത് ലഭിച്ചാൽ ബ്രാഞ്ച് തുറക്കാനാവും.

നിയമാവലിയിലെ വ്യവസ്ഥകൾക്കും അതിന്റെ നിയമങ്ങൾക്കും അനുസൃതമായി എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയാണ് വിദ്യാഭ്യാസ മന്ത്രാലയം യൂനിവേഴ്സിറ്റി ബ്രാഞ്ചിന് ലൈസൻസ് നൽകുക. സർവകലാശാലാ ബ്രാഞ്ചിന്റെ മേൽനോട്ടം മന്ത്രാലയത്തിനാകും. ചട്ടം ഭേദഗതി ചെയ്ത് കൗൺസിലിന് സമർപ്പിക്കാനുള്ള അഭ്യർഥനയുടെ അംഗീകാരം ശിപാർശ ചെയ്യാൻ ഇതിന് അധികാരമുണ്ട്. ഫാക്കൽറ്റികളുടെ സ്ഥാപനം, നിർത്തലാക്കൽ അല്ലെങ്കിൽ ലയിപ്പിക്കൽ എന്നിവയുടെ അംഗീകാരം ശിപാർശ ചെയ്ത് കൗൺസിലിന് സമർപ്പിക്കാൻ മന്ത്രാലയത്തിന് കഴിയും.

സർവകലാശാലാ ശാഖയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിയമനത്തിനും മാറ്റത്തിനും അംഗീകാരം നൽകണം. യൂനിവേഴ്സിറ്റി ബ്രാഞ്ച് ബിരുദധാരികൾക്ക് നൽകുന്ന അക്കാദമിക് സർട്ടിഫിക്കറ്റുകൾ മദർ യൂനിവേഴ്സിറ്റിയുടേതായിരിക്കണം. അത് ആധികാരികമാക്കുകയും വേണം.

കഴിഞ്ഞ 20 വർഷത്തിനുള്ളിൽ സൗദിയിൽ അമ്പതിലധികം പുതിയ സ്വദേശ സർവകലാശാലകളാണ്​ സ്ഥാപിക്കപ്പെട്ടത്​. അതോടൊപ്പം, വിദ്യാഭ്യാസ മേഖലയുടെ കുതിച്ചുചാട്ടം നിരവധി സൗദി വിദ്യാർഥികളെ വിവിധ വിദേശ സർവകലാശാലകളിലേക്കും എത്തിച്ചു. പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വിദേശ സർവകലാശാലകൾ സൗദിയിലേക്ക്​ വരുന്നത്​ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക്​ ഉന്നത വിദ്യാഭ്യാസമേഖലയിൽ പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്​. 

Tags:    
News Summary - Permission to foreign universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.