റിയാദിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ സാമൂഹികപ്രതിനിധികൾക്ക് വേണ്ടി ഒരുക്കിയ സ്വീകരണ പരിപാടിയിൽനിന്ന്​

മേഖലയിലെ സമാധാനം ലക്ഷ്യം; സൗദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി

റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ പുതിയ രാഷ്​ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്കായി റിയാദിലെ ഇന്ത്യൻ എംബസി പ്രത്യേക സ്വീകരണം സംഘടിപ്പിച്ചു. റിയാദിലെ ‘ഇന്ത്യ ഹൗസിൽ’ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധവും ഐക്യവും വിളംബരം ചെയ്യുന്ന വേദിയായി ഈ ഒത്തുചേരൽ മാറി.


മേഖലയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും ഇന്ത്യൻ സമൂഹം പുലർത്തുന്ന സംയമനത്തെയും മനക്കരുത്തിനെയും അംബാസഡർ പ്രശംസിച്ചു. സൗദിയിലെ തദ്ദേശവാസികളുമായി സഹകരിച്ചും പരസ്പര ബഹുമാനം നിലനിർത്തിയും പ്രവാസികൾ കാട്ടുന്ന ഐക്യദാർഢ്യം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി എംബസി സ്വീകരിച്ചിട്ടുള്ള പ്രധാന നടപടികൾ അദ്ദേഹം വിശദീകരിച്ചു. 24 മണിക്കൂർ ഹെൽപ്പ് ലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്​. പ്രവാസികൾക്ക് ഏതുസമയത്തും എംബസിയെ ബന്ധപ്പെടാൻ സാധിക്കുന്ന രീതിയിൽ ഈ ഹെൽപ്പ് ലൈൻ സംവിധാനം സജീവമാണ്.

പ്രതികൂല സാഹചര്യങ്ങളിലും കോൺസുലർ സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ല. വിവിധ പ്രദേശങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്നവർക്കായി വിദൂര കോൺസുലർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് തുടരും. സി.ബി.എസ്.ഇ പരീക്ഷകളുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്കകൾ പരിഹരിക്കാൻ എംബസി മുൻകൈ എടുത്തു. അടുത്തിടെ നടന്ന ജെ.ഇ.ഇ പരീക്ഷകൾ രാജ്യത്ത് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ പൗരന്മാർ എംബസി കൃത്യസമയങ്ങളിൽ പുറപ്പെടുവിക്കുന്ന ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അംബാസഡർ ഓർമിപ്പിച്ചു. സൗദി അറേബ്യയുടെ സുരക്ഷ, സുസ്ഥിരത, പരമാധികാരം എന്നിവയ്ക്ക് ഇന്ത്യയുടെ പൂർണ പിന്തുണ ഡോ. സുഹേൽ അജാസ് ഖാൻ ആവർത്തിച്ചു. സൗദിക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായും മേഖലയിൽ സമാധാനവും ചർച്ചകളും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇന്ത്യയുടേതെന്നും അദ്ദേഹം വ്യക്തമാക്കി.

സന്നദ്ധപ്രവർത്തകരുടെയും സാമൂഹിക പ്രതിനിധികളുടെയും സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, പ്രവാസികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി ഉറപ്പാക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.

Tags:    
News Summary - Peace in the region is the goal; Indian Embassy expresses solidarity with Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.