റിയാദിൽ തീപിടിത്തത്തിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം തട്ടാരക്കാട് സ്വദേശി ഫസലുദ്ദീൻ വടക്കേക്കരയുടെ (52) മൃതദേഹം നിരവധി പ്രതിസന്ധികൾ മറികടന്ന് നാട്ടിലെത്തിച്ച് ഖബറടക്കി. വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ കാരണം നടപടിക്രമങ്ങൾ വൈകിയത് കുടുംബത്തിന്റെ അന്ത്യദർശനവും സംസ്കാരച്ചടങ്ങുകളും അനിശ്ചിതത്വത്തിലാക്കിയിരുന്നു.

ഒക്ടോബർ ഏഴിന് വൈകിട്ട് ആറുമണിയോടെ റിയാദിലെ അൽനസീമിന് സമീപമുള്ള അബൂഹുറൈറ സ്ട്രീറ്റിലെ തൊഴിലാളി ക്യാമ്പിലായിരുന്നു അപകടം. ഒന്നാം നിലയിലെ കുളിമുറിയിൽ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് സിവിൽ ഡിഫൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സംഭവത്തിൽ ദുരൂഹതകളോ അസ്വഭാവികതയോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അപകടത്തിൽ ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റ ഫസലുദ്ദീനെ റെഡ് ക്രസന്റ് സംഘം ഉടനടി റിയാദ് നാഷണൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് ഒക്ടോബർ 12-ഓടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക രേഖകൾ പൂർത്തിയാക്കി റിയാദ് വിമാനത്താവളം വഴി അയക്കാൻ ശ്രമിച്ചെങ്കിലും, വിമാനത്താവളത്തിലെ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതോടെ നടപടികൾ തടസ്സപ്പെട്ടു. പിന്നീട് ദമ്മാം വിമാനത്താവളം വഴി നാട്ടിലെത്തിക്കാനുള്ള രേഖകൾ വീണ്ടും തയ്യാറാക്കിയാണ് നടപടികൾ പൂർത്തിയാക്കിയത്.കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പെരിന്തൽമണ്ണ തേക്കിൻകോട്ടെ വസതിയിലെ പൊതുദർശനത്തിന് ശേഷം പരിയാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ നസീം ഏരിയ ഷാര ഹംസ യൂണിറ്റ് അംഗമായിരുന്നു പരേതനായ ഫസലുദ്ദീൻ. കേളി ജീവകാരുണ്യ വിഭാഗത്തിന്റെ സജീവ ഇടപെടലുകളാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ നിയമനടപടികൾ വേഗത്തിലാക്കാൻ സഹായിച്ചത്. പരേതനായ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഫസ്‌ലയാണ് ഭാര്യ. ഏക മകൻ: മുഹമ്മദ് ഫഹീം.

Tags:    
News Summary - obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.