റീമ ബിൻത് ബന്ദർ
ഹൂതികളെ പരാജയപ്പെടുത്താൻ ആഗോള സഖ്യം അനിവാര്യം -റീമ ബിൻത് ബന്ദർ
ജിദ്ദ: യമനിലെ ഹൂതി മിലിഷ്യയെ പരാജയപ്പെടുത്താൻ ആഗോള സഖ്യം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഹൂതികളെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ തയ്യാറാകണമെന്നും പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ന്യൂയോർക്ക് ടൈംസിൽ' ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ അവർ ആവശ്യപ്പെട്ടു.
‘ഹൂതികൾ എന്തുചെയ്യുമെന്നതിന് പരിധിയില്ല’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് റീമ തന്റെ നിലപാട് വ്യക്തമാക്കിയത്. മുമ്പ് ഐ.എസ്.ഐ.എസിനെ പരാജയപ്പെടുത്താൻ കാണിച്ച അതേ ദൃഢനിശ്ചയ ത്തോടെയും ആർജ്ജവത്തോടെയും അന്താരാഷ്ട്ര സമൂഹം ഹൂതി മിലിഷ്യയെയും നേരിടണമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇറാഖിലെ മൊസൂൾ പിടിച്ചെടുക്കുന്നതിനും ഒരു ഖിലാഫത്ത് പ്രഖ്യാപിക്കുന്നതിനും മുമ്പ് ഐ.എസ്.ഐ.എസ് എന്തായിരുന്നുവോ, അതാണ് ഇന്നത്തെ ഹൂതികൾ. ലോകം ഇപ്പോഴും വേണ്ടത്ര ഗൗരവത്തിലെടുക്കാത്ത ഒരു തീവ്രവാദ പ്രസ്ഥാനമാണ് അവർ. ഹൂതികളുടെ സൈനിക ശേഷി തകർക്കുന്നതിനും, അവർക്കുള്ള ധനസഹായം നിർത്തലാക്കുന്നതിനും, ആയുധക്കടത്ത് തടയുന്നതിനും ഏകോപിതമായ അന്താരാഷ്ട്ര നീക്കം വേണം.
ഒപ്പം യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള ഔദ്യോഗിക സർക്കാറിനെ ശക്തിപ്പെടുത്താനും ആഗോളതലത്തിൽ പ്രചാരണം നടത്തണമെന്ന് അവർ ആഹ്വാനം ചെയ്തു. മുമ്പ് ഐ.എസിനെതിരെ പോരാടിയ എൺപതിലധികം രാജ്യങ്ങളുടെ അന്താരാഷ്ട്ര സഖ്യത്തിന് സമാനമായ ബഹുരാഷ്ട്ര ശ്രമങ്ങളിലൂടെ മാത്രമേ ഹൂത്തികളെ നേരിടാനാകൂ.
സമാനമായ രീതിയിൽ ഹൂതികളെയും പരാജയപ്പെടുത്താൻ കഴിയും. ഇത് യമന്റെ ഭാവി സുരക്ഷിതമാക്കാനുള്ള പോരാട്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.ഹൂതികളെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കയുടെ നടപടിയെ സ്വാഗതം ചെയ്ത അവർ, മറ്റ് രാജ്യങ്ങളും വാഷിംഗ്ടണിന്റെ ഈ മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെട്ടു.
2016 മാർച്ച് മുതൽ സൗദി അറേബ്യക്ക് നേരെ ആയിരത്തിലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് യമനിലെ ഹൂതി മിലിഷ്യ വിക്ഷേപിച്ചത്. കിഴക്കൻ ആഫ്രിക്കയിലെ അൽ ശബാബ് തീവ്രവാദികളുമായി ഹൂതി എൻജിനീയർമാർ ബോംബ് നിർമ്മാണത്തിലും ഡ്രോൺ പരിഷ്കരണത്തിലും വൈദഗ്ധ്യം പങ്കിട്ടിട്ടുണ്ടെന്ന ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളും അംബാസഡർ ലേഖനത്തിൽ ഉദ്ധരിച്ചു.
ആഗോള വ്യാപാരത്തിന്റെ ഏകദേശം 10 ശതമാനത്തോളം കടന്നുപോകുന്ന തന്ത്രപ്രധാന ജലപാതയായ ബാബ് അൽ-മന്ദാബ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഹൂതികളുടെ ഭീഷണി ഉയർത്തുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ ക്കുറിച്ചും അവർ മുന്നറിയിപ്പ് നൽകി. സൗദിയിലെ ഊർജ നിലയങ്ങൾക്ക് നേരെ അടുത്തിടെയുണ്ടായ ഹൂതി ആക്രമണങ്ങൾ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ ഉയരാൻ കാരണമായതായും അംബാസഡർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.