സൗദിയിൽ കച്ചവട മേഖല കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ നിയമങ്ങൾ
റിയാദ്: വാണിജ്യ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ഇടപാടുകളുടെ സ്ഥിരത ഉറപ്പാക്കുന്നതിനുമായി സൗദി മന്ത്രിസഭ 271 വകുപ്പുകളുള്ള ‘വാണിജ്യ ഇടപാട് നിയമം’ അംഗീകരിച്ചു. വാണിജ്യ പ്രവർത്തനങ്ങൾ, കരാറുകൾ, വാണിജ്യ രേഖകൾ എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങളെ ഏകീകരിച്ചുകൊണ്ടാണ് പുതിയ വാണിജ്യ ഇടപാട് നിയമം നടപ്പിലാക്കുന്നത്. കൂടാതെ, 15 വയസ് തികഞ്ഞവർക്ക് രക്ഷിതാവിന്റെയോ ഗാർഡിയന്റെയോ കോടതിയുടെയോ അനുമതിയോടെ കച്ചവടത്തിൽ ഏർപ്പെടാൻ ഈ നിയമം അനുവാദം നൽകുന്നു.
മന്ത്രിസഭ അംഗീകരിച്ച പുതിയ നിയമം വാണിജ്യ പ്രവർത്തനങ്ങൾ, ബിസിനസ്സ് സ്ഥാപനം, അതുമായി ബന്ധപ്പെട്ട ബാധ്യതകൾ, കരാറുകൾ, വാണിജ്യ രേഖകൾ എന്നിവ നിയന്ത്രിക്കുന്ന സമഗ്രമായ ഒരു ചട്ടക്കൂടാണെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര മികച്ച രീതികളുമായി പൊരുത്തപ്പെടുന്നതാണ് ഈ നിയമമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വാണിജ്യ പ്രവർത്തനങ്ങൾ, വാണിജ്യ രേഖകൾ, വാണിജ്യ കരാറുകൾ എന്നീ മൂന്ന് പഴയ നിയമങ്ങൾക്ക് പകരമായാണ് ഈ പുതിയ നിയമം നിലവിൽ വരുന്നത്.
വ്യത്യസ്ത നിയമങ്ങളിലായി ചിതറിക്കിടന്നിരുന്ന നിയമവ്യവസ്ഥകളെ ഒരൊറ്റ നിയമസംഹിതയുടെ കീഴിൽ ഇത് ഏകീകരിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത നിബന്ധനകൾക്ക് വിധേയമായി 15 വയസ്സ് തികഞ്ഞവർക്ക് കച്ചവടത്തിലേർപ്പെടാൻ അനുമതി നൽകുന്നുവെന്നും പറഞ്ഞു.
അതേ സമയം, പുതിയ നിയമത്തിൽ ആകെ 271 ആർട്ടിക്കിളുകൾ (വകുപ്പുകൾ) അടങ്ങിയിരിക്കുന്നു. ഇത് വാണിജ്യ പ്രവർത്തനങ്ങളുടെ സ്വഭാവം, വ്യാപാരിയും ബിസിനസ്സും, വ്യാപാരികളുടെ ബാധ്യതകൾ, അക്കൗണ്ടിംഗ് റെക്കോർഡുകൾ, വാണിജ്യ കരാറുകൾ, പ്രോമിസ്സറി നോട്ടുകൾ, ചെക്കുകൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ രേഖകൾ എന്നിവ നിയന്ത്രിക്കുന്നു.
വ്യാപാരി എന്ന വാക്കിന് പുതിയ നിർവചനം നൽകിയിട്ടുള്ളതോടൊപ്പം വാണിജ്യ പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്നും ഒരു തവണ മാത്രം ചെയ്താൽ പോലും ഏതൊക്കെയാണ് വാണിജ്യ പ്രവർത്തനമായി കണക്കാക്കുകയെന്നും ഏതൊക്കെ പ്രവർത്തനങ്ങൾക്ക് പ്രഫഷണൽ വൈദഗ്ദ്ധ്യം (പ്രൊഫഷണലിസം) ആവശ്യമാണെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാരികളിൽ ചില വിഭാഗങ്ങളെ അക്കൗണ്ടിങ് റെക്കോർഡുകൾ സൂക്ഷിക്കുന്നതിൽ നിന്ന് ഈ നിയമം ഒഴിവാക്കിയിട്ടുണ്ട്.
അറബിക് ഭാഷയിലോ അല്ലെങ്കിൽ മറ്റ് ഭാഷകളിലോ, ഡിജിറ്റലായും അല്ലാതെയുമുള്ള രീതിയിൽ ഇവ സൂക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും ഇതിൽ ക്രമീകരിച്ചിരിക്കുന്നു. ഇത് നിയമപരമായ തീരുമാനങ്ങൾ മുൻകൂട്ടി കാണാനുള്ള ശേഷി വർധിപ്പിക്കുന്നതിനും വാണിജ്യ തർക്കങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, വ്യാപാരികളുടെയും ചെറുതും ഇടത്തരവുമായ സംരംഭങ്ങളുടെയും ഇടപാടുകൾക്ക് ഈ നിയമം സംരക്ഷണം നൽകുകയും, വാണിജ്യ കരാറുകളി ലൂടെയും ഏജൻസി പ്രവർത്തനങ്ങളിലൂടെയും അവയുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസങ്ങൾക്ക് ശേഷം ഈ നിയമം പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.