ലുലു പായസ മത്സരം ജിദ്ദ മേഖല വിജയികൾ അവതാരകരായ കല്ലുവിനും മാത്തുവിനും ലുലു മാനേജ്മെന്റ് അംഗങ്ങളോടുമൊപ്പം
സദസ്സിനെ കൈയിലെടുത്ത് കല്ലുവും മാത്തുവും; ലുലു പായസമേളക്ക് ജിദ്ദയിൽ പരിസമാപ്തി
ജിദ്ദ: ഓണത്തോടനുബന്ധിച്ച് സൗദിയിലെ മൂന്ന് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ അരങ്ങേറിയ പായസമേളക്ക് ജിദ്ദയിൽ പരിസമാപ്തി. 'ഗൾഫ് മാധ്യമം' ഫേസ്ബുക്ക് പേജിലൂടെ നടന്ന പായസ മത്സര രജിസ്ട്രേഷനിൽ നിന്ന് തിരഞ്ഞെടുത്ത 10 വനിതകളാണ് ജിദ്ദ അൽറവാബി ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പായസമേളയിൽ മാറ്റുരച്ചത്. വൈവിധ്യമായ പായസങ്ങൾ ഒരുക്കിയവരിൽനിന്ന് വിജയികളെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രയാസമേറിയതായിരുന്നെന്ന് സെലിബ്രിറ്റി അവതാരകരും ജഡ്ജിങ് പാനൽ അംഗങ്ങളുമായിരുന്ന കല്ലുവും മാത്തുവും അഭിപ്രായപ്പെട്ടു. ലുലു അമീർ ഫവാസ് ബ്രാഞ്ച് പ്രധാന ഷെഫായ ജോജിൻ തോമസും ജഡ്ജിങ് പാനലിലുണ്ടായിരുന്നു.
താമര വിത്തിനും കപ്പക്കുമൊപ്പം ഉണക്കിപ്പൊടിച്ച ചക്കപ്പൊടി കൂടി ചേർത്ത് പ്രത്യേകതരം പായസം തയാറാക്കിയ മലപ്പുറം വണ്ടൂർ സ്വദേശിനി ആസിഫ സുബ്ഹാൻ ഒന്നാംസ്ഥാനം നേടി. മലപ്പുറം മൈലപ്പുറം സ്വദേശിനി നജ്മ ഹാരിസിനാണ് രണ്ടാംസ്ഥാനം. പപ്പായ, പാവക്ക, നെല്ലിക്ക തുടങ്ങിയ ഇനങ്ങൾ തേൻ, തേങ്ങാപ്പാൽ എന്നിവ ചേർത്തുണ്ടാക്കിയ അടപ്പായസമാണ് അവർ തയാറാക്കിയിരുന്നത്. വറുത്ത കശുവണ്ടി ഉപയോഗിച്ച് പ്രത്യേകതരം അടപ്രഥമൻ പായസം തയാറാക്കിയ ആയിഷ ഹെന്നക്കാണ് മത്സരത്തിൽ മൂന്നാംസ്ഥാനം ലഭിച്ചത്.
കല്ലുവിന്റെയും മാത്തുവിന്റെയും 'മച്ചാൻ ഷോ' പ്രകടനങ്ങളെ ഏറെ കരഘോഷത്തോടെയാണ് ജിദ്ദ പ്രവാസികൾ വരവേറ്റത്. ഷോയുടെ ഭാഗമായി നിരവധി പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
സമാപന ചടങ്ങിൽ ലുലു വെസ്റ്റേൺ പ്രൊവിൻസ് ഡയറക്ടർ റഫീഖ് മുഹമ്മദലി, വെസ്റ്റേൺ പ്രൊവിൻസ് മാനേജർ റിൽസ് മുസ്തഫ, വെസ്റ്റേൺ പ്രൊവിൻസ് കമേഴ്സ്യൽ മാനേജർ അബ്ദുൽ റഹീം, സൗദി മാർക്കറ്റിങ് മാനേജർ മുഹമ്മദ് സച്ചിൻ, ജിദ്ദ അൽറവാബി ബ്രാഞ്ച് ജനറൽ മാനേജർ ശംസാദ്, ഗൾഫ് മാധ്യമം സൗദി മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈൻ എന്നിവർ പായസ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. ലുലു ജീവനക്കാരും ഗൾഫ് മാധ്യമം ജിദ്ദ ടീമും പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.