യാംബു: പാസ്പോർട്ട് സേവാകേന്ദ്രമായ യാംബു ടൗണിലെ 'വേഗാ' ഓഫിസിലെ സേവനം ജനുവരി ഒന്നു മുതൽ നിർത്താൻ തീരുമാനിച്ച നടപടി മേഖലയിലെ പ്രവാസി ഇന്ത്യക്കാരെ വലക്കുന്നു. ഇന്ത്യൻ കോൺസുലാർ യാംബുവിൽ മാസാന്ത സന്ദർശനം നടത്തുമ്പോൾ മാത്രം പാസ്പോർട്ട് അപേക്ഷ നൽകാൻ കഴിയുന്ന അവസ്ഥ വരുന്നതാണ് വ്യവസായ നഗരമായ യാംബുവിലെ നൂറുകണക്കിന് ഇന്ത്യക്കാർക്ക് ഇരുട്ടടിയായത്. പാസ്പോർട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമായി യാംബുവിലെ പ്രവാസികൾക്ക് പുറമെ ഉംലജ്, ബദ്ർ, റാബിഖ്, മദീന തുടങ്ങിയ പ്രദേശങ്ങളിൽനിന്നും ധാരാളം പേർ ദിവസവും എത്താറുണ്ട്. അപേക്ഷ സ്വീകരിച്ച് രണ്ടോ മൂന്നോ ആഴ്ചകൾക്കകം പാസ്പോർട്ട് ലഭ്യമാക്കാൻ കഴിയുമായിരുന്നു. പുതിയ തീരുമാനപ്രകാരം അപേക്ഷ സമർപ്പിക്കാൻ ഒരു മാസം ഇനി കാത്തിരിക്കേണ്ട അവസ്ഥയാണ്.
അല്ലെങ്കിൽ മണിക്കൂറുകൾ യാത്ര ചെയ്തും കഷ്ടത സഹിച്ചും ജിദ്ദ കോൺസുലേറ്റിൽ പോയി കാര്യങ്ങൾ ചെയ്യേണ്ടി വരുന്ന സാഹചര്യവും ഉണ്ടായിരിക്കുകയാണ്. എല്ലാ മാസവും ഒരു തവണ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ യാംബുവിലെത്തുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് അറിയുന്നത്. എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചയായിരുന്നു നേരത്തെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ വന്നിരുന്നതെങ്കിലും പുതിയ മാറ്റത്തോടെ മാസത്തിൽ എപ്പോഴാണ് വരുക എന്നതും വ്യക്തമാക്കിയിട്ടില്ല. കോൺസുലേറ്റിെൻറ സൈറ്റിലും ഇതിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. കാലാവധി തീരാറായ പാസ്പോർട്ടുകൾ പുതുക്കാനും നാട്ടിലേക്ക് മടങ്ങാനും ഒരുങ്ങുന്ന യാംബു മേഖലയിലെ പ്രവാസികൾക്ക് സേവനകേന്ദ്രം അടച്ചുപൂട്ടിയത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. ദിവസവും പാസ്പോർട്ടിന് അപേക്ഷ സ്വീകരിക്കാൻ കഴിയുന്ന അവസ്ഥ പുനഃസ്ഥാപിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രശ്നത്തിൽ ഇടപെട്ട് അനുഭാവപൂർവമായ ബദൽ സംവിധാനം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി ഇന്ത്യക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.