സൗദിയിൽ ആഭ്യന്തര മന്ത്രാലയത്തി​െൻറ പേരിലും ഒ.ടി.പി തട്ടിപ്പ്: പ്രവാസി നഴ്സുമാർക്ക് പതിനായിരങ്ങൾ നഷ്​ടമായി

അബ്ഹ: സൗദി ആഭ്യന്തര മന്ത്രാലയത്തി​െൻറ പേരിൽ വ്യാജ ഫോൺ കോളുകൾ നടത്തി ഒ.ടി.പി നമ്പറുകൾ കൈക്കലാക്കി വൻ സാമ്പത്തിക തട്ടിപ്പ്. ഓൺലൈൻ ഷോപ്പിങ്, ‘ബൈ നൗ പേ ലേറ്റർ’ സേവനങ്ങൾ എന്നിവ ദുരുപയോഗം ചെയ്ത് നിരവധി പ്രവാസികൾക്ക് വൻ സാമ്പത്തിക നഷ്​ടം സംഭവിച്ചതായി പരാതി ഉയർന്നു.

അബ്ഹയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പ്രവാസികളാണ് സമാനമായ രീതിയിൽ ചതിയിലകപ്പെട്ടത്. ഔദ്യോഗിക നടപടികളുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ ബന്ധപ്പെടുന്നത്. ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചും തുടർച്ചയായി ഫോൺ വിളിച്ചും സമ്മർദ്ദത്തിലാക്കിയാണ് ഇവർ ഒ.ടി.പി നമ്പറുകൾ കൈക്കലാക്കുന്നത്.

ഫോൺ സന്ദേശങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്താതെ ഒ.ടി.പി കൈമാറിയതാണ് തട്ടിപ്പിന് ഇരയാകാൻ കാരണമായതെന്ന് ബാധിതർ പറയുന്നു. കൈക്കലാക്കിയ ഒ.ടി.പി ഉപയോഗിച്ച് ‘നൂൺ’ പോലുള്ള പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകൾ വഴിയും തമാറ, ടാബി എന്നീ ഫിനാൻഷ്യൽ സർവിസ്​ ആപ്പുകൾ ഉപയോഗിച്ചും പതിനായിരത്തിലധികം റിയാൽ മൂല്യമുള്ള സാധനങ്ങളാണ് ഇവർ വാങ്ങിയിരിക്കുന്നത്.

വാങ്ങിയ ഉൽപ്പന്നങ്ങൾ തട്ടിപ്പുകാർ നേരിട്ട് കൈപ്പറ്റുകയും ചെയ്തു. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഒട്ടേറെ പ്രവാസികൾ സമാന ശൈലിയിലുള്ള തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ബാങ്ക് സ്ഥിരീകരണ കോഡുകൾ (ഒ.ടി.പി), നഫാദ് (Nafath), അബ്ഷീർ (Absher) അംഗീകാര അഭ്യർഥനകൾ എന്നിവ ഒരു കാരണവശാലും അപരിചിതർക്ക് ഫോണിലൂടെ പങ്കുവെക്കരുതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ കർശന മുന്നറിയിപ്പ് നൽകുന്നു.

സൗദിയിലെ ഒരു സർക്കാർ വകുപ്പുകളോ ബാങ്കുകളോ ഫോൺ കോളുകളിലൂടെ ഇത്തരത്തിലുള്ള രഹസ്യ വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർ എത്രയും വേഗം തങ്ങളുടെ ബാങ്കുകളുമായും ബന്ധപ്പെട്ട സേവനദാതാക്കളുമായും ബന്ധപ്പെടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്യണമെന്ന് സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു.

Tags:    
News Summary - OTP fraud under the name of Interior Ministry in Saudi Arabia: Expat nurses lose tens of thousands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.