റഹീമിന്റെ മോചനത്തിനായുള്ള ഒന്നര കോടി റിയാൽ ഇന്ത്യൻ എംബസിയിലെത്തി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി ദിയാധനം നൽകാനുള്ള ഒന്നരക്കോടി സൗദി റിയാൽ (ഏകദേശം 34 കോടി രൂപ) റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ പണം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്.

ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച വൈകീട്ടാണ് റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം രാവിലെ എംബസിയിലെത്തിച്ചു. കോടതിയുടെ പേരിൽ ദിയാധന തുകക്ക് തുല്യമായ സെർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന് ഉടൻ ഇന്ത്യൻ എംബസി കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ, അല്ലെങ്കിൽ കോടതി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണിയുള്ള വക്കീലോ ഗവർണറേറ്റ് മുമ്പാകെ ഹാജരാകും.

അതേസമയം തന്നെ റഹീമിന്റെ വക്കീലും ഗവർണറേറ്റിലെത്തി കരാറിൽ ഒപ്പ് വെക്കും. പിന്നീട് കരാർ ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിൽനിന്ന് കോടതിയിലേക്ക് നൽകും. കോടതി രേഖകൾ പരിശോധിച്ചതിന്ശേഷം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചു തുടർനീക്കങ്ങൾ നടത്തുമെന്ന് സഹായസമിതി അറിയിച്ചു.

Tags:    
News Summary - One and a half crore Riyals for Raheem release reached the Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.