ജിദ്ദ: ലോകത്തെ ഏറ്റവും വിസ്തൃതമായ ആധുനിക ഒലിവ് തോട്ടമെന്ന ഗിന്നസ് റെക്കോഡ് ഇനി അൽജൗഫിന്. അൽജൗഫ് അഗ്രികൾച്ചറൽ ഡെവലപ്മെൻറ് കമ്പനി ഇതുസംബന്ധിച്ച പുരസ്കാരം കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. വടക്കൻ സൗദിയിൽ ജോർഡൻ അതിർത്തിയോട് ചേർന്ന അൽജൗഫിനെയാണ് രാജ്യം ഒലിവിനായി ആശ്രയിക്കുന്നത്. വെറും പത്തുവർഷം കൊണ്ടാണ് ഇൗ മേഖല അത്ഭുതകരമായ ഇൗ നേട്ടം കൈവരിച്ചത്. അൽജൗഫിലെ അൽബസീത പ്രദേശത്ത് 2007 ലാണ് ആദ്യമായി ഒലിവ് കൃഷി തുടങ്ങുന്നത്. സാധ്യത തിരിച്ചറിഞ്ഞതോടെ രണ്ടുവർഷങ്ങൾക്ക് ശേഷം 2009 ൽ ശാസ്ത്രീയ കൃഷിയിലേക്ക് മാറി.
ക്രമേണ അത് വികസിച്ച് അൽജൗഫ് പ്രവിശ്യയും കടന്ന് തബൂക്കിെൻറ പ്രാന്തങ്ങളിൽ വരെ ഇപ്പോൾ എത്തിനിൽക്കുന്നു. നിലവിൽ 1.30 കോടി ഒലിവ് മരങ്ങളാണ് ഇവിടെയുള്ളത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് രണ്ടുകോടി ആകുമെന്നാണ് പ്രതീക്ഷ. അൽജൗഫ് അഗ്രികൾച്ചറൽ ഡെവലപ്മെൻറ് കമ്പനിക്ക് മാത്രം 7,730 ഹെക്ടർ പ്രദേശത്ത് 50 ലക്ഷം മരങ്ങളുണ്ട്. ഒാരോ വർഷവും കമ്പനിക്ക് കീഴിലെ കൃഷിയിടങ്ങളിൽ മരങ്ങളുടെ എണ്ണം വർധിപ്പിച്ചു വരികയാണ്. കമ്പനി ഉൽപാദിപ്പിക്കുന്ന ഒലിവെണ്ണക്ക് കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ എട്ട് ഗുണനിലവാര സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്. 30,000 ടൺ ഒലിവ് എണ്ണയാണ് സൗദി അറേബ്യയിൽ ഉപയോഗിക്കപ്പെടുന്നത്. അതിെൻറ പകുതിയും നൽകുന്നത് കമ്പനിയാണെന്ന് ചെയർമാൻ അമീർ അബ്ദുൽ അസീസ് ബിൻ മിശ്അൽ പറഞ്ഞു.
പരിസ്ഥിതി, കാർഷിക മന്ത്രാലയത്തിെൻറ സഹകരണത്തോടെ കമ്പനി കൈവരിച്ച നേട്ടങ്ങളുടെ പ്രതിഫലനമാണ് ഗിന്നസ് അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേട്ടം ആഘോഷിക്കാൻ അൽജൗഫിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയുടെ ഒലിവ് മാഹാത്മ്യം വിളിച്ചോതി എല്ലാവർഷവും അൽജൗഫിൽ പ്രവിശ്യ അധികൃതരുടെ നേതൃത്വത്തിൽ ഒലിവ് മേള സംഘടിപ്പിക്കാറുണ്ട്. അറബ്, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഒലിവ് മേളയുമാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.