തബൂക്കിലെ മസ്‌യൂൻ പ്രദേശത്ത് 11,000ത്തോളം വർഷം മുമ്പ് മനുഷ്യവാസമുണ്ടായിരുന്നെന്ന് കണ്ടെത്തിയ  സ്ഥലം

അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കംചെന്ന മനുഷ്യവാസം; സൗദിയിൽ പുതിയ പുരാവസ്തു കണ്ടെത്തി

തബൂക്ക്: അറേബ്യൻ ഉപദ്വീപിലെ മനുഷ്യവാസം ആരംഭിച്ചതിനെക്കുറിച്ചുള്ള ധാരണകൾ തിരുത്തിക്കുറിക്കുന്ന നിർണായകമായ പുരാവസ്തു കണ്ടെത്തൽ സൗദിയിലെ തബൂക്കിൽ കണ്ടെത്തി. തബൂക്കിന് വടക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന മസ്‌യൂൻ പ്രദേശത്ത് 11,000ത്തിനും 10,300നും ഇടയിൽ വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രമാണ് കണ്ടെത്തിയത്.

സൗദി സാംസ്കാരിക മന്ത്രിയും ഹെറിറ്റേജ് കമീഷൻ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുള്ള ബിൻ ഫർഹാനാണ് ഈ സുപ്രധാന കണ്ടെത്തൽ പ്രഖ്യാപിച്ചത്. ജപ്പാനിലെ കനസാവ സർവകലാശാലയുമായി സഹകരിച്ച് ഹെറിറ്റേജ് കമീഷൻ നടത്തിയ സംയുക്ത ഗവേഷണത്തിന്റെ ഭാഗമായാണ് ഈ നേട്ടം.

തബൂക്കിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് മസ്‌യൂൻ സൈറ്റ് സ്ഥിതി ചെയ്യുന്നത്. 1978 മുതൽ ഇത് ദേശീയ പുരാവസ്തു രജിസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും 2022 ഡിസംബറിൽ ആരംഭിച്ച സമീപകാല ഫീൽഡ് പഠനങ്ങളാണ് ഇതിന്റെ ചരിത്രപരമായ പ്രാധാന്യം വീണ്ടും കണ്ടെത്തിയത്. നാല് തീവ്രമായ ഗവേഷണ ഘട്ടങ്ങളിലൂടെയാണ് പുരാവസ്തു ഗവേഷകർ ഈ കണ്ടെത്തലിലേക്ക് എത്തിയത്.

പ്രാദേശിക ഗ്രാനൈറ്റ് കല്ലുകൾ ഉപയോഗിച്ച് നിർമിച്ച അർധവൃത്താകൃതിയിലുള്ള വാസ്തുവിദ്യ യൂനിറ്റുകൾ പ്രദേശത്ത് നിന്ന് കണ്ടെത്തി. ഇതിൽ താമസസ്ഥലങ്ങൾ, സംഭരണ മുറികൾ, ഇടനാഴികൾ, തീക്കുണ്ഡങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇത് ആ കാലഘട്ടത്തിലെ നായാട്ടും ധാന്യ കൃഷിയുമായി ബന്ധപ്പെട്ട ജീവിതശൈലിക്ക് അനുയോജ്യമായ വിപുലമായ പ്രവർത്തന രൂപരേഖ നൽകുന്നു.

അമ്പുകൾ, കത്തികൾ, ധാന്യങ്ങൾ മെതിക്കാൻ ഉപയോഗിച്ചിരുന്ന മില്ലുകൾ എന്നിവയുൾപ്പെടെ വലിയൊരു ശേഖരം കല്ലുപകരണങ്ങൾ ഇവിടെ നിന്നും ലഭിച്ചു. അമസോണൈറ്റ്, ക്വാർട്സ്, ഷെല്ലുകൾ (കക്കകൾ) എന്നിവയിൽ തീർത്ത അലങ്കാര ഉപകരണങ്ങൾ ഇവിടെ ഉൽപാദനപരമായ പ്രവർത്തനങ്ങൾ നടന്നിരുന്നു എന്നതിന്റെ സൂചന നൽകുന്നു.

അപൂർവമായ മനുഷ്യ, മൃഗങ്ങളുടെ അസ്ഥികൂടാവശിഷ്ടങ്ങൾ, കാളക്കൊമ്പുകൾ, ജ്യാമിതീയ രൂപങ്ങൾ ആലേഖനം ചെയ്ത കല്ലുകൾ എന്നിവയും പ്രദേശത്ത് നിന്ന് കണ്ടെത്തി. ഇത് നിയോലിത്തിക് കാലഘട്ടത്തിലെ സാമൂഹിക, മതപരമായ ജീവിതശൈലിയെക്കുറിച്ച് ആഴത്തിലുള്ള അറിവ് നൽകുന്നു.

ഈ കണ്ടെത്തൽ സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിലെ മനുഷ്യവാസത്തിന്റെ ആരംഭത്തെക്കുറിച്ചുള്ള ധാരണയിൽ ഒരു പ്രധാന വഴിത്തിരിവാണ്. ഈ പ്രദേശം ‘ഫെർട്ടൈൽ ക്രസന്റിന്റെ’ (മെസൊപ്പൊട്ടോമിയ, ലെവന്റ്, തെക്കൻ അനറ്റോളിയ) സ്വാഭാവികമായ തുടർച്ചയായിരുന്നു എന്ന സിദ്ധാന്തത്തെ ഇത് ശക്തിപ്പെടുത്തുന്നു. കൂടാതെ, മനുഷ്യൻ നാടോടി ജീവിതത്തിൽ നിന്ന് സ്ഥിരവാസത്തിലേക്ക് മാറിയതിന്റെ ആദ്യകാല കേന്ദ്രങ്ങളിൽ ഒന്നാണ് ഈ പ്രദേശമെന്നും ഇത് സൂചിപ്പിക്കുന്നു. 

സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി പുരാവസ്തു ഗവേഷണ കേന്ദ്രങ്ങൾ രേഖപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സർവകലാശാലകളുമായുള്ള സഹകരണം വിപുലീകരിക്കുന്നതിനും ഹെറിറ്റേജ് കമീഷൻ നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടം. ലോകമെമ്പാടുമുള്ള മാനവ പൈതൃക രംഗത്തെ വിജ്ഞാന കേന്ദ്രമായി സൗദിയുടെ സ്ഥാനം ഇത് ഉറപ്പിക്കുന്നു.

Tags:    
News Summary - Oldest human settlement on the Arabian Peninsula; New archaeological discovery in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.