ദമ്മാം: 'കൊള്ളയടിക്കപ്പെടുന്ന വോട്ടുകൾ, അട്ടിമറിക്കപ്പെടുന്ന ജനവിധികൾ' എന്ന തലക്കെട്ടിൽ ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് തൃശൂർ ജില്ല കമ്മിറ്റി ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ദമ്മാം ബദ്ർ അൽറാബി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഒ.ഐ.സി.സി ഈസ്റ്റേൻ പ്രോവിൻസ് ആക്ടിങ് പ്രസിഡന്റ് വിൽസൺ തടത്തിൽ ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജില്ല പ്രസിഡന്റ് സഗീർ കരുപ്പടന്ന അദ്ധ്യക്ഷതവഹിച്ചു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല മുഖ്യപ്രഭാഷണം നടത്തി.
വോട്ട് ചോരിയിലൂടെ മഞ്ഞുമലയുടെ മുകൾ മാത്രമേ പ്രത്യക്ഷമായി തുടങ്ങിയിട്ടുള്ളൂ എങ്കിലും അത്രയും വെളിപ്പെട്ടപ്പോഴേക്കും ഇതിനകം രാജ്യം അകപ്പെട്ടു കഴിഞ്ഞ രാഷ്ട്രീയവും നൈതികവുമായ മൂല്യച്യുതിയുടെ ആഴങ്ങൾ വളരെ വലുതാണ്. ഇലക്ഷൻ കമീഷൻ മുതൽ താഴെ ബൂത്ത് തലത്തിലുള്ള ഉദ്യോഗസ്ഥർ വരെ ഭാഗഭാക്കായ വോട്ട് കൊള്ള, പൊതു ഖജനാവിന്റെ ചെലവിൽ ഹിന്ദു രാഷ്ട്രത്തെ സ്ഥാപിച്ചെടുക്കുന്ന ആർ.എസ്.എസി ന്റെ കുശാഗ്രബുദ്ധിയാണ്. ഈ തിരിച്ചറിവ് ഏതെങ്കിലും പുകപടലത്തെ ആശ്രയിച്ചോ ആസ്പദമാക്കിയോ ഉള്ളതല്ല, വെളിപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവഗതികൾ വ്യാജ സർക്കാറാണ് നാട് ഭരിക്കുന്നതെന്ന് നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ മുൻ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, ഈസ്റ്റേൺ പ്രോവിൻസ് സംഘടന ചുമതയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ് ഷാജി മോഹനൻ, താജു അയ്യാരിൽ എന്നിവർ ആശംസ നേർന്നു. തൃശൂർ ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി മുരളീധരൻ സ്വാഗതവും കെ.ജെ ജോബി നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ ബെന്നി, അഷ്റഫ്, സിംല സഗീർ തുടങ്ങിയവർ നേതൃത്വം നൽകി. നേതാക്കളായ പ്രമോദ് പൂപ്പാല, സിറാജ് പുറക്കാട്, ജോൺ കോശി, അൻവർ വണ്ടൂർ, രാധിക ശ്യാം പ്രകാശ്, കെ.പി മനോജ്, അൻവർ സാദിഖ്, ഗഫൂർ വണ്ടൂർ, ശ്യാം പ്രകാശ്, സലീന ജലീൽ തുടങ്ങിയവർ സംബന്ധിച്ചു. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം മുഴക്കിയാണ് പരിപാടി സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.