ജിദ്ദ: നേരിട്ടുള്ള ഹജ്ജ് രജിസ്‌ട്രേഷൻ സാധ്യമായ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കായി ഹജ്ജ് ഉംറ മന്ത്രാലയം ‘നുസ്‌ക് ഹജ്ജ്’ ഔദ്യോഗിക പ്ലാറ്റ്‌ഫോം സജ്ജമാക്കി. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമായി വികസിപ്പിച്ച ഈ ഡിജിറ്റൽ സംവിധാനം, ഹജ്ജ് കർമങ്ങൾക്കായി തയാറെടുക്കുന്നവർക്ക് തുടക്കം മുതൽ ഒടുക്കം വരെ വ്യക്തവും സുരക്ഷിതവുമായ മാർഗനിർദേശം നൽകുന്നു. ഇടനിലക്കാരില്ലാതെ നേരിട്ട് സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ തീർഥാടകർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെയും എളുപ്പത്തിലും ഹജ്ജ് യാത്ര ആസൂത്രണം ചെയ്യാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രജിസ്ട്രേഷൻ മുതൽ പാക്കേജുകൾ തിരഞ്ഞെടുക്കൽ, താമസം, ഗതാഗതം, മറ്റ് ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയെല്ലാം പൂർണമായും ഇലക്ട്രോണിക് രീതിയിൽ ഈ പ്ലാറ്റ്‌ഫോമിലൂടെ പൂർത്തിയാക്കാം. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി വികസിപ്പിച്ച ഒരു സംയോജിത ഡിജിറ്റൽ സംവിധാനമാണിത്. തീർഥാടകർ സ്വന്തം നാട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ കർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്നത് വരെ സുരക്ഷിതവും സംഘടിതവുമായ യാത്ര ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൗദി വിഷൻ 2030ന്റെ ഭാഗമായി ഹജ്ജ് മേഖലയിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ പരിവർത്തനത്തിന്റെ സുപ്രധാനമായ ചുവടുവെപ്പാണ് നുസ്‌ക് ഹജ്ജ് പ്ലാറ്റ്‌ഫോം. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി തീർഥാടന നടപടിക്രമങ്ങൾ ലഘൂകരിക്കാനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾക്ക് മികച്ച സേവനം ഉറപ്പുവരുത്താനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.