ജിദ്ദ: എത്യോപ്യയിലെ 'ഹൈലേ ഗോബി' അഗ്നിപർവത സ്ഫോടനം സൗദി അറേബ്യയുടെ അന്തരീക്ഷത്തിൽ നേരിട്ടുള്ളതും വ്യക്തവുമായ സ്വാധീനം ചെലുത്തില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ വിദഗ്ധൻ അഖീൽ അൽഅഖീലാണ് വിവരം അറിയിച്ചത്.
അഗ്നിപർവതത്തിൽ നിന്നുയർന്ന പൊടിപടലങ്ങളുടെ സഞ്ചാരം അന്തരീക്ഷത്തിന്‍റെ മുകൾത്തട്ടിൽ കേന്ദ്രം നിരീക്ഷിച്ചു വരികയാണെന്നും വിമാനയാത്രക്ക് എന്തെങ്കിലും തരത്തിലുള്ള സ്വാധീനം ഉണ്ടാകുന്നപക്ഷം വിമാനക്കമ്പനികൾക്ക് പ്രത്യേക മുന്നറിയിപ്പുകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിന്‍റെ മുകൾ പാളികളിലേക്ക് ഉയർന്ന പൊടിപടലങ്ങളെ അറേബ്യൻ ഉപദ്വീപിന്‍റെ തെക്ക് ഭാഗത്തേക്ക് കാറ്റ് തള്ളിനീക്കിയത് പ്രധാനമായും യെമനിലെ മുകൾത്തട്ടിലുള്ള അന്തരീക്ഷത്തെ ബാധിച്ചു. വാണിജ്യ വിമാനങ്ങൾ കടന്നുപോകുന്ന പാതകളിലാണ് പൊടിപടലങ്ങൾ കൂടുതലായി കാണുന്നത്.
അടുത്തിടെയുണ്ടായ നിരവധി ഭൂചലനങ്ങൾക്ക് ശേഷമാണ് എത്യോപ്യയിലെ ഹൈലേ ഗോബി അഗ്നിപർവതം 10,000 വർഷത്തെ നിഷ്ക്രിയത്വത്തിന് ശേഷം പൊട്ടിത്തെറിച്ചത്. ഈ സ്ഫോടനത്തിൽനിന്നും പുറത്തുവന്ന കാർബൺ ഡൈ ഓക്സൈഡ് വാതകത്തിന്‍റെ വൻ മേഘം കാറ്റ് വഴി എത്യോപ്യയിലും സമീപ രാജ്യങ്ങളിലുമായി വ്യാപിച്ചതായി വിദഗ്ധർ സ്ഥിരീകരിച്ചു.
പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.