‘ഗാന്ധിയൻ ദർശനങ്ങൾ ലോകസമാധാനത്തിന് അനിവാര്യം’; ദമ്മാം മഹാത്മാഗാന്ധി സ്റ്റഡി സെന്റർ
ദമ്മാം: പ്രവാസി സമൂഹത്തിൽ ഗാന്ധിയൻ ആശയങ്ങളും മാനവിക മൂല്യങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ദമ്മാം മഹാത്മാഗാന്ധി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ദിനാചരണം നടത്തി.
അപ്സര ഹോട്ടലിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിന പരിപാടിയിൽ ഭാരവാഹികൾ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച ചടങ്ങ് ചെയർമാൻ സിദ്ദീഖ് ഉള്ളടംകുന്ന് ഉദ്ഘാടനം ചെയ്തു. അക്രമവും വർഗീയതയും വിദ്വേഷവും ലോകമെമ്പാടും പടരുന്ന സമകാലിക സാഹചര്യത്തിൽ ഗാന്ധിജിയുടെ അഹിംസ, സത്യഗ്രഹം, പരസ്പരസഹിഷ്ണുത എന്നീ ആശയങ്ങൾക്ക് എന്നും പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സമാധാനത്തിലും മാനവികതയിലും അധിഷ്ഠിതമായ ലോകക്രമം കെട്ടിപ്പടുക്കാൻ പുതിയ തലമുറ ഗാന്ധിയൻ ജീവിതരീതിയെ മാതൃകയാക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. നദീം കാസർകോട് അധ്യക്ഷത വഹിച്ചു. ഉണ്ണി ആലിൽ, ഹരി തിരുവനന്തപുരം, ഉസ്മാൻ മലപ്പുറം, സുരേഷ് കണ്ണൂർ, മോഹൻ പാലക്കാട്, ബാലഗോപാൽ എറണാകുളം, ജിഷാൻ ആലപ്പുഴ, അൻവർ മുത്തു ഇടുക്കി, അൽത്താഫ് പെരിങ്ങലം എന്നിവർ സംസാരിച്ചു. കെ.എൻ അബ്ദുറഹിമാൻ സ്വാഗതവും ഇ.പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.