18 വർഷമായി നാട്ടിൽ പോകാത്ത തമിഴ്‌നാട് സ്വദേശി റിയാദിൽ നിര്യാതനായി

അൽഖർജ്: നീണ്ട 18 വർഷങ്ങളായി നാട്ടിൽ പോകാതെ അൽ ഖർജിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി നിര്യാതനായി. കല്ലകുറിച്ചി സ്വദേശി മൻസൂർ ഇമാം (60) ആണ് റിയാദിലെ ശുമേസി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച മരിച്ചത്. ഇഖാമ കാലാവധി അവസാനിച്ചിട്ട് 15 വർഷമായതും പാസ്‌പോർട്ട് നഷ്ടപ്പെട്ടതും അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള തടസ്സമായിരുന്നു. സാമൂഹിക പ്രവർത്തകർ രേഖകൾ ശരിയാക്കി നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലായിരുന്നു. ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ഔട്ട്പാസ് നടപടികളും സൗദി എയർലൈൻസിന്റെ യാത്രാ അനുമതിയും ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മരണം.

സെപ്റ്റംബർ അഞ്ചിനാണ് ഇദ്ദേഹത്തിന് സുഖമില്ലെന്ന വിവരം അൽഖർജ് കെ.എം.സി.സി ഭാരവാഹികൾ അറിയുന്നത്. തുടർന്ന് ജനറൽ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് പുന്നക്കാട്, നൂറുദ്ദീൻ കുഞ്ഞിപ്പ, സമദ് വെളിമുക്ക്, ജംഷി കാരക്കുന്ന് എന്നിവർ ചേർന്ന് ഇദ്ദേഹത്തെ കിംങ് ഖാലിദ് ഹോസ്പിറ്റലിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ശുമേസി ഹോസ്പിറ്റലിലേക്കും മാറ്റി. പരിശോധനയിൽ വയറ്റിൽ കാൻസർ ബാധ കണ്ടെത്തിയിരുന്നു. തെറ്റിദ്ധാരണകൾ മൂലം വർഷങ്ങളായി കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന മൻസൂർ ഇമാംമിനെ നാട്ടിലേക്ക് കൊണ്ടുപോകാൻ ദുബൈയിൽ ജോലി ചെയ്യുന്ന മകൻ നേരത്തെ ശ്രമിച്ചിരുന്നതും ഫലം കണ്ടില്ല. കെ.എം.സി.സി പ്രവർത്തകർ മകനെ വിവരം അറിയിച്ചതിനാൽ ദുബൈയിൽ നിന്നും മകൻ പിതാവിനെ പരിചരിക്കാൻ റിയാദിൽ എത്തിയിരുന്നു.

സൗദിയിലെ രേഖകളിൽ മൻസൂർ ഇമാം എന്ന് തന്നെയായിരുന്നതിനാൽ തടസ്സങ്ങളൊന്നുമില്ലാതെ ഔട്ട്പാസ് നേരത്തെ ലഭിച്ചെങ്കിലും നാട്ടിലെ രേഖകളിൽ 'സയ്യദ് അലി അഹ്‌മദ്‌' എന്നായതിനാൽ മരണപ്പെട്ട ശേഷം രണ്ടും ഒരാൾ തന്നെയാണെന്ന് എംബസി വഴി തെളിയിക്കാനുള്ള നിയമനടപടികൾക്കായി കെ.എം.സി.സി പ്രവർത്തകർക്ക് ഏറെ പ്രയത്നിക്കേണ്ടി വന്നു. വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് പുന്നക്കാട്, സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തുവ്വൂർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ നിയമനടപടികളും പൂർത്തിയാക്കി . ഇന്ന് (ചൊവ്വ) റിയാദിൽ നിന്നും അൽഖർജിൽ എത്തിക്കുന്ന മൃതദേഹം അസർ നമസ്കാരത്തിന് ശേഷം കിംങ്‌ അബ്ദുൽ അസീസ് മസ്ജിദിൽ നടക്കുന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ഹയാത്തം മഖ്ബറയിൽ ഖബറടക്കും.

Tags:    
News Summary - Saudi KMCC Aids Deceased Expat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.