ചെങ്കടൽ വിനോദ സഞ്ചാര പദ്ധതിയുടെ കാഴ്ച
ജിദ്ദ: ആഭ്യന്തര ടൂറിസം വൻ കുതിപ്പ് നടത്തിയ വർഷമാണ് കടന്നുപോയത്. സൗദി ടൂറിസം അതോറിറ്റി (എസ്.ടി.എ) നിരവധി പദ്ധതികൾ നടപ്പാക്കി. സ്വകാര്യ നിക്ഷേപകർക്ക് വലിയ മുതൽമുടക്കിന് അവസരം നൽകുന്ന 'ടൂറിസം ഷേപ്പേഴ്സ്' അതിലൊന്നാണ്. മുമ്പെങ്ങുമില്ലാത്ത വിധം വിദേശ സഞ്ചാരികളുടെ എണ്ണം വൻതോതിൽ വർധിച്ചതായി സൗദി ടൂറിസം കമീഷൻ പ്രസിഡന്റും മന്ത്രിയുമായ അഹമ്മദ് അൽ ഖതീബ് പറഞ്ഞു. ഇനി വരുന്ന രാജ്യത്തെ പത്തിലൊന്ന് ജോലിയും ടൂറിസം മേഖലയിലായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ടൂറിസം മേഖലയിലെ സ്ഥാപനങ്ങളുടെ പ്രതിവർഷ വരുമാനം ഗണ്യമായ വർദ്ധനവാണ് കാണിക്കുന്നത്. പോയവർഷം 10 ശതമാനം വരുമാന വർധനവാണുണ്ടായത്. 2030 ആകുമ്പോഴേക്കും 10 ലക്ഷം സ്വദേശികൾക്ക് വിനോദ സഞ്ചാര മേഖലയിൽ തൊഴിലുണ്ടാവും. ആ വിധത്തിലാണ് പദ്ധതി ആസൂത്രണം പുരോഗമിക്കുന്നത്.
സൗദി യുവതീ യുവാക്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട തൊഴിൽ മേഖല ടൂറിസമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. രാജ്യത്തെ ഒമ്പത് വിനോദ സഞ്ചാര മേഖല വികസിപ്പിക്കാൻ പോയവർഷം തുടക്കം കുറിച്ചതും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ലക്ഷ്യം വെച്ചാണ്. 500 ദശലക്ഷം റിയാലാണ് വികസനത്തിന് വേണ്ടി നീക്കിവെച്ചത്. 2021ല്‍ 29 പദ്ധതികൾക്ക് എട്ട് ശതകോടി റിയാല്‍ മുടക്കി. 17,000 തൊഴിലുകൾ ഇതുവഴി ഉണ്ടായി. ആഭ്യന്തര ടൂറിസത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ 10 രാജ്യങ്ങളില്‍ ഒന്നായി സൗദി മാറി. അൽ ഉല (അൽ ഹിജ്ർ) പൗരാണിക മേഖല നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം സന്ദർശകർക്ക് തുറന്നുകൊടുത്തത് കഴിഞ്ഞ വർഷമാണ്. ഏറ്റവും വലിയ ലിവിങ് മ്യൂസിയമാക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. അൽ ഉല വേദിയാകുന്ന 'തൻതൂറ ഫെസ്റ്റിവൽ' ലോകപ്രശസ്തമാണ്. അൽ ഹിജ്ർ കൂടാതെ ദാദാൻ, അക്മ പർവതം എന്നിവയും സദർശകരെ മാടി വിളിക്കുന്നു. 2035 ഓടെ രണ്ട് ദശലക്ഷം വിനോദ സഞ്ചാരികളെയാണ് അൽ ഉലയിൽ പ്രതീക്ഷിക്കുന്നത്. റെഡ് സീ ഡെവലപ്മെന്റ് കമ്പനിയും കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിയും (കെ.എ.യു.എസ്.ടി) കൈകോർത്ത് നടപ്പാക്കുന്ന ചെങ്കടൽ വിനോദസഞ്ചാര വികസന പദ്ധതി സജീവമായത് കഴിഞ്ഞ വർഷമാണ്. ചെങ്കടലിലെ പവിഴപ്പുറ്റുകളുടെ വളർച്ച പരിപോഷിപ്പിക്കും വിധം പരിസ്ഥിതി സൗഹൃദമാണ് ഈ പദ്ധതി.
ആഗോള തലത്തിൽ കോവിഡ് വലിയ പ്രതിസന്ധിയിൽ ക്രൂയിസ് വ്യവസായം കടുത്ത തിരിച്ചടി നേരിട്ടപ്പോഴും സൗദിയിൽ ആഡംബര കപ്പൽ വിനോദസഞ്ചാരം വളരെ സജീവത വീണ്ടെടുത്ത വർഷമാണ് 2021. ദ്വീപുകൾ, ബീച്ചുകൾ, ചെങ്കടൽ തീരങ്ങളിലെ പൈതൃക നഗരികൾ, പവിഴപ്പുറ്റുകൾ തുടങ്ങി മനോഹരമായ കാഴ്ചകൾക്കിടയിലൂടെ നടത്തുന്ന ക്രൂയിസ് കപ്പൽ സഞ്ചാരം ഹൃദ്യമാണ്. ഈ രംഗത്ത് ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. വൈവിധ്യവത്കരണത്തിന്റെ പാതയിലാണ സൗദി സമ്പദ് വ്യവസ്ഥയുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നായി ആഭ്യന്തര ടൂറിസം മാറിയിട്ടുണ്ട്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ദേശീയ സമ്പൂർണ വികസന പരിവർത്തന പദ്ധതി 'വിഷൻ 2030'ന്റെ ഭാഗമാണ് ടൂറിസം വികസനവും. കോവിഡ് പ്രതിസന്ധിയിൽപെട്ട് സൗദി പൗരന്മാരുടെ വിദേശ യാത്രകളുടെ സമവാക്യങ്ങൾ താളം മറിഞ്ഞ ഒരു വർഷം കൂടിയാണ് കടന്നുപോയത്. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് ആഭ്യന്തര വിനോദ സഞ്ചാരം പുഷ്ടിപ്പെടുത്താൻ അധികൃതർ തുനിഞ്ഞിറങ്ങിയത്. അത് നല്ല ഫലം കൊണ്ടുവരികയും ചെയ്തു. രാജ്യത്ത് പ്രധാനമായും 40 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏറ്റവും സജീവം. സഞ്ചാരികളെയും സന്ദർശകരെയും സംതൃപ്തിപ്പെടുത്താനുള്ളതെല്ലാം ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.