റിയാദ്: വിവിധ സമുദായങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സി.പി.എം ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി. ഉപതെരഞ്ഞെടുപ്പിൽ സി.പി.എം ആസൂത്രിതമായി നടത്തിയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമായ മറുപടിയാണ് ജനങ്ങൾ നൽകിയത്.
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ച രാഷ്ട്രീയകാരണങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ സംഘ്പരിവാറിനെ പിന്നിലാക്കുന്ന വർഗീയ പ്രചാരണം സി.പി.എം നടത്തിയെങ്കിലും യഥാർഥ കാരണങ്ങൾ മനസ്സിലാക്കി തന്നെയാണ് ജനങ്ങൾ വോട്ട് വിനിയോഗിച്ചതെന്നാണ് ഫലം സൂചിപ്പിക്കുന്നത്. സർക്കാരിനെതിരായ ജനരോഷവും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാണ്.വെൽഫെയർ പാർട്ടിയെ മുൻനിർത്തി സി.പി.എം നടത്തിയ ദുഷ്ടപ്രവർത്തനത്തെ ജനങ്ങൾ പുച്ഛിച്ച് തള്ളിയിരിക്കുന്നു. ഒമ്പതു വർഷത്തെ ഭരണത്തിന്റെ നേട്ടങ്ങളോ ജീവൽ രാഷ്ട്രീയത്തെയോ കുറിച്ച് സംസാരിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട സി.പി.എം അത്തരം ചർച്ചകളിൽനിന്ന് രക്ഷപ്പെടാൻ കൃത്രിമ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തത്.
സംസ്ഥാനത്തിന്റെ സാമൂഹിക ഘടനക്ക് ദീർഘകാല ആഘാതം സൃഷ്ടിക്കുന്ന കേരള സി.പി.എമ്മിന്റെ അപകടകരമായ ഈ സമീപനം ജനം തിരിച്ചറിയണം. മലപ്പുറം ജില്ലയുടെ വികസനാവശ്യങ്ങളെയും ജില്ലയിലെ ജനസാമാന്യത്തെയും ഭീകരവത്കരിച്ച ഇടതുനയത്തിന് ജനങ്ങൾ നൽകിയ ശിക്ഷയാണ് തെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പിയെ നാണിപ്പിക്കുന്ന വിദ്വേഷ പ്രചാരണമാണ് നടന്നത്. ഭരണകൂട പരാജയം മറച്ചുപിടിക്കാൻ സംഘ്പരിവാർ ദേശീയതലത്തിൽ ഉപയോഗിക്കുന്ന മുസ്ലിം വിരുദ്ധതയെ ബോധപൂർവം നിലമ്പൂരിൽ ഉപയോഗപ്പെടുത്താനാണ് സി.പി.എം ശ്രമിച്ചത്.സംസ്ഥാന ആഭ്യന്തര വകുപ്പിനെ സംഘ്പരിവാറിന് വിട്ടുകൊടുക്കുകയും മുസ്ലിം ഭീതി രാഷ്ട്രീയ ലൈനായി സ്വീകരിക്കുകയുമാണ് സി.പി.എം ചെയ്തത്.
ആർ.എസ്.എസുമായി ഉണ്ടാക്കിയ രഹസ്യ ബാന്ധവത്തിന്റെ ആവേശത്തള്ളിച്ചയായിരുന്നു എം.വി ഗോവിന്ദന്റെ തുറന്നുപറച്ചിൽ. വിഷലിപ്തമായ ശ്രമങ്ങൾ മുഴുവൻ നടത്തിയിട്ടും സി.പി.എമ്മിന് വിജയിക്കാൻ കഴിഞ്ഞില്ല. ഇത് നിലമ്പൂരിലെ ജനങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ ബോധ്യത്തിന്റെ വിജയമാണ്.വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയത്തിന് ഒപ്പം നിന്ന് ധ്രുവീകരണ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയ നിലമ്പൂരിലെ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നുവെന്നും നിലമ്പൂർ മുന്നോട്ട് വെച്ച രാഷ്ട്രീയത്തെ കേരളം ആകമാനം ഏറ്റെടുക്കണമെന്നും പ്രസ്താവനയിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.