ജിദ്ദ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി നിലമ്പൂർ ഗ്ലോബൽ കെ.എം.സി.സി. വിവിധ പ്രചാരണ പരിപാടികൾക്ക് സംഘടന രൂപം നൽകി. ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനായി ‘ബാപ്പുട്ടിക്കൊരു വോട്ട്’ എന്ന പേരിൽ പ്രവാസി പ്രചാരണ കാമ്പയിന്റെ ഭാഗമായി വിവിധ ജി.സി.സി രാജ്യങ്ങളിൽ കൺവെൻഷനുകൾ നടക്കും.
കഴിഞ്ഞ ദിവസം ഗ്ലോബൽ കെ.എം.സി.സി കോഓഡിനേറ്റർ അബ്ദുൽ സലാം പരിയുടെ നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷത്തെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അതിനുള്ള പരിശ്രമങ്ങളിൽ മുഴുവൻ കെ.എം.സി.സി പ്രവർത്തകരും സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ദുബൈ മലപ്പുറം ജില്ല കെ.എം.സി പ്രസിഡന്റ് സിദ്ദീഖ് കാലടി, ഒമാൻ കെ.എം.സി.സി നേതാവ് റഫീഖ് കൊടുവള്ളി എന്നിവർ സംസാരിച്ചു. നാട്ടിൽനിന്നും ഇലക്ഷൻ പ്രചാരണ പരിപാടികൾ വിശദീകരിച്ചുകൊണ്ട് ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി നാസർ എടപ്പറ്റ സംസാരിച്ചു. നാട്ടിലുളള മുഴുവൻ കെ.എം.സി.സി അംഗങ്ങളെയും യു.ഡി.എഫ് നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പ്രവാസി ഫാമിലി കൺവെൻഷൻ നടത്തുവാൻ യോഗം തീരുമാനിച്ചു. കൂടാതെ വിവിധ ജി.സി.സി രാജ്യങ്ങളിലെ കേന്ദ്രങ്ങളിൽ നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള യു.ഡി.എഫ് പ്രവാസി പ്രചാരണ കൺവെൻഷനുകളും സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
യോഗത്തിൽ വിവിധ ജി.സി.സി പ്രതിനിധികളായ സുബൈർ വട്ടോളി, അബൂട്ടി പള്ളത്ത്, അബ്ദുൽ മനാഫ്, ജാബിർ ചങ്കരത്ത്, റാഫി (ജിദ്ദ), മുജീബ് ഉപ്പട (റിയാദ്), മുനീബ് (ദമ്മാം), ടി.പി. നസറുദ്ദീൻ, അലി അസ്കർ (ഖത്തർ), ഹാരിസ് മേത്തല (ഒമാൻ), സലിം കരുളായി (കുവൈത്ത്), താജുദ്ദീൻ, ഷാജഹാൻ, ഷബീർ അലി (ദുബൈ) എന്നിവർ സംസാരിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി കെ.ടി. ജുനൈസ് സ്വാഗതവും അഷറഫ് പരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.