റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് നഗരത്തിെൻറ വടക്കുകിഴക്കൻ മേഖലയ്ക്കായുള്ള പ്രാഥമിക മാസ്റ്റർ പ്ലാൻ പൂർത്തിയായതായി റോയൽ കമീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു. ഏകദേശം 456 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വികസന പദ്ധതി ഒരുങ്ങുന്നത്. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, വാദി അൽ സുലൈ, ദമാം റോഡ്, ജനാദ്രിയ റോഡ് എന്നിവയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ തക്കവണ്ണം തന്ത്രപ്രധാനമായ സ്ഥാനത്താണ് വികസനം.
മേഖലയിലെ ഭൂവിനിയോഗത്തിനായുള്ള പൊതുവായ ഒരു രൂപരേഖയാണ് പുതിയ മാസ്റ്റർ പ്ലാൻ മുന്നോട്ടുവെക്കുന്നത്. ഘട്ടം ഘട്ടമായുള്ള വികസനത്തിന് അവസരമൊരുക്കുന്ന ദീർഘകാല നഗര മാതൃക കെട്ടിപ്പടുക്കുക, താമസസൗകര്യങ്ങളും ദൈനംദിന അവശ്യ സേവനങ്ങളും ഒന്നിച്ചു ലഭ്യമാകുന്ന സംയോജിത സമൂഹങ്ങൾ രൂപകൽപ്പന ചെയ്യുക, റസിഡൻഷ്യൽ, ഇക്കണോമിക്, എൻറർടൈൻമെൻറ്, പ്രകൃതിദത്ത മേഖലകൾ എന്നിവ കൃത്യമായ അനുപാതത്തിൽ വിഭജിക്കുക തുടങ്ങിയ തത്വങ്ങളിലാണ് ഈ പ്ലാൻ അധിഷ്ഠിതമായിരിക്കുന്നത്.
വേഗത്തിൽ വളരുന്ന തലസ്ഥാന നഗരി എന്ന നിലയിൽ റിയാദിെൻറ വികസനം മുൻകൂട്ടി കണ്ടുള്ള ദീർഘകാല ആസൂത്രണത്തിെൻറ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. നഗരത്തിെൻറ ഭാവി വളർച്ചാ ദിശകളിലൊന്നിനെ കൃത്യമായി ക്രമീകരിക്കാനും, നിലവിലെയും ഭാവിയിലെയും ആവശ്യങ്ങൾ നിറവേറ്റാനും, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും ഈ പദ്ധതി സഹായിക്കും. കൂടാതെ ഹരിത ഇടങ്ങൾ വർദ്ധിപ്പിക്കാനും പ്രകൃതിദത്ത താഴ്‌വരകളെ സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും.
ഇതൊരു പ്രാഥമിക ആസൂത്രണ ഘട്ടം മാത്രമാണെന്നും, ഉടൻ നടപ്പാക്കുന്ന പുതിയ നിർമാണ പദ്ധതികളുടെ പ്രഖ്യാപനമല്ലെന്നും റോയൽ കമീഷൻ വ്യക്തമാക്കി. വരും ഘട്ടങ്ങളിൽ ബന്ധപ്പെട്ട വിവിധ സർക്കാർ സ്ഥാപനങ്ങൾ ഓരോ പ്രദേശത്തിനും ആവശ്യമായ വിശദമായ പദ്ധതിരേഖകൾ തയ്യാറാക്കും. തുടർ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കും.
റിയാദിെൻറ വികസന പാതയിലെ സുപ്രധാന പടിയാണ് ഈ പ്രാഥമിക മാസ്റ്റർ പ്ലാനെന്ന് റോയൽ കമീഷൻ ഫോർ റിയാദ് സിറ്റി സി.ഇ.ഒ എൻജി. ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താൻ പറഞ്ഞു. നഗരത്തിെൻറ വികസന ആവശ്യങ്ങൾ മുൻകൂട്ടി കാണാനും, അതിവേഗ വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാനുമുള്ള അതോറിറ്റിയുടെ പരിശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.