മുമ്പ് ജോലി ചെയ്ത സ്ഥാപനത്തിലെ രഹസ്യങ്ങളോ വേതനമോ ചോദിക്കരുത്; മിനിമം ശമ്പളവും ജോലിസമയവും വെളിപ്പെടുത്തണം -സൗദിയിൽ തൊഴിൽ​ അഭിമുഖത്തിനും പരസ്യത്തിനും പുതിയ വ്യവസ്ഥകൾ

ജിദ്ദ: തൊഴിൽ നിയമത്തിന് വിധേയമായി പ്രവർത്തിക്കുന്ന സൗദിയിലെ എല്ലാ സ്ഥാപനങ്ങളിലെയും ജോലി ഒഴിവുകൾ പരസ്യം ചെയ്യുന്നതിനും തൊഴിൽ അഭിമുഖങ്ങൾ നടത്തുന്നതിനും വ്യവസ്ഥകൾ ഏർപ്പെടുത്താൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപടി തുടങ്ങി. മിനിമം ശമ്പളം, ആനുകൂല്യങ്ങൾ, ജോലി സമയം, അപേക്ഷകർക്കുള്ള ടെസ്റ്റ് ഫലങ്ങളുടെ അറിയിപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ്​ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നത്​.

ഇതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നാണ്​ റിപ്പോർട്ട്​​. ഒഴിവുള്ള ജോലി സംബന്ധിച്ച വിവരണവും അപേക്ഷകർ സമർപ്പിക്കേണ്ട കാര്യങ്ങളും പരസ്യത്തിൽ വ്യക്തമാക്കണം. ജോലിയുടെ പേര്, ചുമതലകൾ, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, ജോലിക്ക്​ വേണ്ട നൈപുണ്യം, പരിചയം എന്നിവ ഇതിലുൾപ്പെടും. സ്ഥാപനത്തിന്റെ പേര്, പ്രവർത്തനം, ആസ്ഥാനം, ജോലി സ്ഥലം എന്നിവയുടെ വിവരണവും ഉണ്ടായിരിക്കണം.

സ്ഥാപനത്തിൽ ഹാജരായിട്ടാണോ അതല്ല ഓൺലൈൻ സംവിധാനത്തിലോ, താൽക്കാലിക​മോ, പാർട്ട് ടൈമോ എന്നിങ്ങനെ ജോലിയുടെ രീതികൾ വ്യക്തമാക്കണം. ലിംഗഭേദം, വൈകല്യം, പ്രായം, വൈവാഹിക നില എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനമില്ലാതെ ജോലി ഒഴിവിന്​ അപേക്ഷിക്കാനുള്ള കാലയളവ് നിർണയിച്ചിരിക്കണം.

അഭിമുഖത്തിനുള്ള സ്ഥലം അനുയോജ്യമായിരിക്കണം. അപേക്ഷകൻ വൈകല്യമുള്ള വ്യക്തിയാണെങ്കിൽ അവന്റെ വൈകല്യമനുസരിച്ച് ഉചിതമായ ആശയവിനിമയ മാർഗങ്ങൾ നൽകണം. കേൾവി അല്ലെങ്കിൽ സംസാര വൈകല്യങ്ങൾ അനുഭവിക്കുന്നവർക്ക് ഒരു ആംഗ്യഭാഷാ വ്യാഖ്യാതാവിന്റെ സാന്നിധ്യം പോലുള്ളവ ഉണ്ടാവണം. അഭിമുഖത്തി​ന്റെ ഭാഷ, തീയതി, പ്രതീക്ഷിക്കുന്ന സമയം എന്നിവയെക്കുറിച്ച് അപേക്ഷകനെ മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ കുറയാത്ത കാലയളവിന്​ മുമ്പ്​ അറിയിക്കണം.

അഭിമുഖ സമയത്ത് മതം, രാഷ്​ട്രീയം, വംശം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കരുത്. അപേക്ഷകൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളുടെ രഹസ്യ വിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പാടില്ല. അപേക്ഷകൻ തന്റെ മുൻ ജോലിയിൽ നിന്ന് ലഭിക്കുന്ന വേതനം വെളിപ്പെടുത്താൻ ബാധ്യസ്ഥനല്ല. പ്രതീക്ഷിക്കുന്ന വേതനം അല്ലെങ്കിൽ ഒഴിവുള്ള സ്ഥാനത്തിലുള്ള കുറഞ്ഞ വേതനം, ജോലിയുടെ സ്വഭാവം, സമയം, തൊഴിൽ ആനുകൂല്യങ്ങൾ എന്നിവ അഭിമുഖ വേളയിൽ വ്യക്തമാക്കുകയും അവ പിന്നീട് അവലോകനം ചെയ്യാൻ കഴിയുന്ന തരത്തിൽ രേഖാമൂലം രേഖപ്പെടുത്തുകയും വേണം.

തൊഴിൽ അഭിമുഖത്തിന്റെ തീയതി മുതൽ പരമാവധി 14 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഔദ്യോഗിക മാർഗങ്ങളിലൂടെ അഭിമുഖങ്ങളുടെ ഫലം അപേക്ഷകരെ അറിയിക്കണം. വ്യവസ്ഥകൾ നടപ്പാക്കുന്നത് സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിക്കുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് പിഴയുണ്ടാകുമെന്നും വ്യവസ്ഥയിലുണ്ട്​.

വിവിധ വിഷയങ്ങളിൽ പ്രതിവർഷം കാൽ ലക്ഷത്തോളം ബിരുദധാരികൾ തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നുണ്ടെന്നാണ്​ കണക്ക്​. ഇവർക്ക്​ അർഹിക്കുന്ന ജോലികൾ ലഭ്യമാക്കുന്നതിനും അപേക്ഷ, അഭിമുഖ നടപടികൾ എളുപ്പമാക്കുകയുമാണ്​ പുതിയ വ്യവസ്ഥകളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്​.

Tags:    
News Summary - New conditions for job advertisement and interview in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.