മോസ്കോയിൽ സൗദി എംബസിയുടെ പുതിയ കെട്ടിടം വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഉദ്ഘാടനം ചെയ്തപ്പോൾ
റിയാദ്: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിർമിച്ച സൗദി എംബസിയുടെ പുതിയ കെട്ടിടം വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഉദ്ഘാടനം ചെയ്തു. ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു. പുതിയ ആസ്ഥാനത്തിന്റെ സൗകര്യങ്ങളും വകുപ്പുകളും നോക്കിക്കണ്ടു. വിദേശത്തുള്ള പൗരന്മാർക്കും വിദേശകക്ഷികൾക്കും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മന്ത്രാലയം തുടരുന്ന നിരന്തര നടപടികളുടെ ഭാഗമാണ് പുതിയ കെട്ടിടം.
നയതന്ത്രകാര്യങ്ങളും പ്രവർത്തനങ്ങളും വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ വിദേശ ദൗത്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ കാഴ്ചപ്പാടിന്റെ ഭാഗമാണിത്. ഉദ്ഘാടന ചടങ്ങിൽ സൗദി വിദേശകാര്യ സഹമന്ത്രി അബ്ദുൽ ഹാദി അൽ മൻസൂരി, രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. സുഊദ് അൽസാത്വി, റഷ്യയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ അൽ അഹ്മദ്, വിദേശകാര്യ മന്ത്രാലയത്തിലെ പദ്ധതികളുടെയും ആസ്തികളുടെയും അണ്ടർ സെക്രട്ടറി എൻജി. ഖാലിദ് അൽ റുമൈഹ്, നിരവധി മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.