റിയാദ്: നിയമസഭയിൽ നീതിയുടെ ജനപക്ഷ ശബ്ദമുയർത്താൻ കേരളത്തിലെ യുവജന നേതാക്കളിൽ ഏറ്റവും ശ്രദ്ധേയനായ എം. സ്വരാജിനെ വിജയിപ്പിക്കണമെന്ന് നിലമ്പൂരിലെ വോട്ടർമാരോട് റിയാദ് നവോദയ അഭ്യർഥിച്ചു. ബാബരി മസ്ജിദ് വിധിയിൽ സുപ്രീം കോടതി പോലും ഭൂരിപക്ഷ രാഷ്ട്രീയത്തിന് വഴങ്ങിയപ്പോൾ നിർഭയം നീതിയുടെ ശബ്ദമുയർത്തിയ യുവനേതാവാണ് സ്വരാജ്.
യുദ്ധഭ്രാന്തിൽ ഒരു വലിയവിഭാഗം മതിമറന്നപ്പോൾ യുദ്ധം നാശമല്ലാതെ ഒന്നും നൽകിയില്ലെന്ന ഏറ്റവും പക്വമായ പ്രതികരണം നിർഭയം നടത്തിയ വ്യക്തിയും സ്വരാജ് തന്നെ. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പിന്നീട് യുവജന-കർഷക-പാർട്ടി പ്രവർത്തനനത്തിലൂടെ സ്വന്തം കഴിവുകളിലൂടെ ഒരു ജനസമൂഹത്തിന്റെ ആകെ പിന്തുണ നേടിയാണ് സ്വരാജ് വളർന്നത്.
കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ കലാസാംസ്കാരിക പ്രമുഖർ സ്വരാജിന് പിന്തുണ അർപ്പിക്കുന്നത് അദ്ദേഹം നേടിയ വലിയ സ്വീകാര്യതയുടെ തെളിവാണ്. എൽ.ഡി.എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ അംഗീകാരത്തിനും തുടർച്ചക്കും എൽ.ഡി.എഫ് വിജയിക്കണം.
പ്രവാസികൾക്കടക്കം എല്ലാ പ്രതിസന്ധികളിലും തളരാതെ ജനതയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിയ സംസ്ഥാന സർക്കാരിനുള്ള പിന്തുണയാവണം ഉപതെരഞ്ഞെടുപ്പ് ഫലം.
സാമ്പത്തികമായി കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിനും വർഗീയശക്തികളുടെ വോട്ടുവാങ്ങാൻ ഒരു മടിയുമില്ലാത്ത യു.ഡി.എഫിനുമുള്ള താക്കീതാവണം ഈ നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം. നിലമ്പൂരിൽ പ്രബുദ്ധ ജനതയുടെ അംഗീകാരം സ്വരാജിനുതന്നെ ലഭിക്കുമെന്ന് നവോദയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.