ദമ്മാമിലൊരുക്കിയ ‘നാട്ടരങ്ങിൽ’ നാട്ടുകൂട്ടം അവതരിപ്പിച്ച വിവിധ പരിപാടികൾ
ദമ്മാം: കോവിഡ് പ്രതിസന്ധിയിൽ നിശ്ചലമായിപ്പോയ ദമ്മാമിലെ സംസ്കാരിക കലാചലനങ്ങളെ പാടിയുണർത്തി 'നാട്ടരങ്ങ്' അരങ്ങേറി. നാട്ടുന്മയുടെ തുടിതാളം കൊട്ടിയുണർന്ന കലാവേദി ദമ്മാമിന് ഏറെക്കാലത്തിനുശേഷം വ്യത്യസ്ത അനുഭവമാണ് സമ്മാനിച്ചത്.
ദമ്മാം ബദർ അൽ റബീ ഓഡിറ്റോറിയത്തിൽ 'കെപ്റ്റ' എന്ന സംഘടനയാണ് നാട്ടരങ്ങ് ഒരുക്കിയത്. കലാഭവൻ മണിയുടെയും അകാലത്തിൽ പൊലിഞ്ഞ പി.എസ്. ബാനർജിയുടെയും ജനപ്രിയ നാടൻപാട്ടുകൾ 'പാട്ടുക്കൂട്ടം' ഗായകർ അവതരിപ്പിച്ചു.പ്രമീദ് കെട്ടിയാടിയ അനുഷ്ഠാനകലാരൂപം തെയ്യം സൗദിയിലെ പ്രേക്ഷകർക്ക് പുതുമയുള്ള അനുഭവമായി. സലീഷ് എന്ന നാടൻപാട്ട് കലാകാരനാണ് തെയ്യത്തിന് ചമയച്ചാർത്ത് അണിയിച്ചത്. ശിഹാബ് കൊയിലാണ്ടിയുടെ ഭക്തിഗാനത്തോടെ പരിപാടി ആരംഭിച്ചു. ബിനു മുളവന, സലീഷ്, വിനീഷ്, സൂപ്പി ഷാഫി, സനൽ ജിയാസ് എന്നിവർ നാടൻപാട്ടുകൾ ആലപിച്ചു.
ചെണ്ടമേളത്തിൽ കലേഷ്, ഗോകുൽ, അമിത്, രാഹുൽ എന്നിവരും പങ്കെടുത്തു. അറേബ്യൻ റോക്ക്സ് സ്റ്റാഴ്സസ് ജുബൈൽ, അനുഗ്രഹ ഡാൻസ് സ്കൂൾ ജുബൈൽ, ആയിഷ നവാസ്, നേഹ ഹമീദ്, നന്ദിക ശ്രീവത്സൻ, വരലക്ഷ്മി നൃത്തവിദ്യാലയ ഖോബാർ എന്നീ നൃത്തവിദ്യാലയങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച നാടൻ നൃത്തരൂപങ്ങളും പരിപാടിക്ക് കൊഴുപ്പേകി. മാധ്യമ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, ഹബീബ് ഏലംകുളം, നൗഷാദ് ഇരിക്കൂർ, മുജീബ് കളത്തിൽ, സുബൈർ ഉദിനൂർ, പ്രവീൺ, ലുക്മാൻ എന്നിവരെയും നാട്ടരങ്ങിന്റെ ചിത്രകലാവേലകൾ ചെയ്ത അൻഷാദ് തകിടിയേലിനെയും ചടങ്ങിൽ ആദരിച്ചു. ശിഹാബ് കൊയിലാണ്ടി, കബീർ നവോദയ, നാച്ചു അണ്ടോണ, ജലീൽ പള്ളാത്തുരുത്തി, മുത്തു തലശ്ശേരി എന്നിവർ കലാകാരന്മാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
സാംസ്കാരിക സമ്മേളനം വ്യവസായിയും സിനിമ നിർമാതാവുമായ ജോളി ലോനപ്പൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി നജീം ബഷീർ അധ്യക്ഷത വഹിച്ചു. നാട്ടുകൂട്ടം പ്രസിഡന്റ് പ്രദീപ് മേനോൻ സ്വാഗതവും ജനറൽ സെക്രട്ടറി ഹുസൈൻ നന്ദിയും പറഞ്ഞു. നവാസ് ചൂനാടൻ മുഖ്യ അവതാരകനായിരുന്നു. മനോജ്, ആഷിക്, സൽമാൻ, അപ്പു, നൗഷാദ്, നടേശൻ, വിമൽ, പ്രമോദ് അരവിന്ദൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.