ദമ്മാം: കിഴക്കൻ പ്രവിശ്യയിൽ ആരംഭിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിൽ ദിനംപ്രതി 1,500 പേർ വാക്സിൻ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. വാക്സിൻ സ്വീകരിക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്.
കഴിഞ്ഞയാഴ്ച ആരംഭിച്ച ദേശീയ കുത്തിവെപ്പ് കാമ്പയിനിൽ ഇതുവരെ എട്ടു ലക്ഷത്തോളം ആളുകൾ രജിസ്ട്രേഷൻ പൂർത്തിയാക്കി. 65 വയസ്സിന് മുകളിലുള്ള സൗദി പൗരന്മാർക്കും സൗദിയിൽ താമസിക്കുന്ന വിദേശികൾക്കും അണുബാധക്ക് ഇരയാകാൻ സാധ്യതയുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ദഹ്റാനിലെ വാക്സിനേഷൻ കേന്ദ്രങ്ങളായ 80 ക്ലിനിക്കുകളിൽ 48 ആരോഗ്യ പരിശീലകർ ദിനവും ഒമ്പത് മണിക്കൂർ വീതം ജോലിചെയ്താണ് കുത്തിവെപ്പ് നടത്തുന്നതെന്ന് കിഴക്കൻ പ്രവിശ്യ ആരോഗ്യ കാര്യ ഡയറക്ടർ ഇബ്രാഹിം അൽ ഉറൈഫി പറഞ്ഞു.
കഴിഞ്ഞ ദിവസം 42,000 ഡോസ് വാക്സിനാണ് സെൻററിൽ എത്തിയത്. കൂടുതൽ ഡോസുകൾ ഉടൻ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് ദഹ്റാനിൽ ആരംഭിച്ച കേന്ദ്രം ദിനവും രാവിലെ ഒമ്പത് മുതൽ ൈവകീട്ട് ആറുവരെയാണ് പ്രവർത്തിക്കുന്നത്. ആവശ്യമെങ്കിൽ 24 മണിക്കൂറും പ്രവർത്തനസജ്ജമാക്കാൻ പാകത്തിലാണ് ഇവിടുത്തെ സംവിധാനം ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് മൊത്തത്തിൽ പ്രവാസികൾ ഉൾെപ്പടെ പ്രതിദിനം 10,000 മുതൽ 12,000 വരെ ആളുകൾക്ക് കുത്തിവെപ്പ് നൽകുന്നുണ്ട്.
ഈ മാസം ആദ്യംതന്നെ കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ അടുത്ത വാക്സിൻ കുത്തിവെപ്പ് കേന്ദ്രം തുറക്കും. ഈ മാസം അവസാനത്തോടെ കിഴക്കൻ പ്രവിശ്യയിലെ മൂന്നാമത്തെ കേന്ദ്രത്തിനും തുടക്കമാകും.
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അടുത്ത രണ്ടു മാസത്തിനുള്ളിൽ ഗർഭധാരണം ആസൂത്രണം ചെയ്യുന്നവർ, കഠിനമായ അലർജിയുള്ളവർ, കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ വൈറസ് ബാധിച്ചവർ എന്നിവർ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിൽനിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് അധികൃതർ പറഞ്ഞു. അതേസമയം, അമിത ശരീരഭാര സൂചിക 40 കവിയുന്നവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, അതിനായി മരുന്നുകൾ കഴിക്കുന്നവർ, ആസ്ത്മ, ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഹൃദയാഘാത ചരിത്രം പിന്തുടരുന്നയാൾ എന്നിങ്ങനെയുള്ളവർ കഴിവതും വേഗം പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണം. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള അതിശക്തമായ പരിശോധനകൾ കിഴക്കൻ പ്രവിശ്യയിൽ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.