പ​വ​ൻ​ദീ​പ് രാ​ജ​നും അ​രു​ണി​ത ക​ഞ്ചി​ലാ​ലും 

'മെമ്മറീസ് ഓഫ് ലെജൻഡ്സ്' സംഗീതനിശ വെള്ളിയാഴ്ച

റിയാദ്‌: രാജ്യത്തിന്റെ 92ാം ദേശീയദിനമായ വെള്ളിയാഴ്ച ഇന്ത്യൻ എംബസിയും 'ഗൾഫ് മാധ്യമ'വും ചേർന്ന് റിയാദിൽ ഒരുക്കുന്ന 'മെമ്മറീസ് ഓഫ് ഓഫ് ലെജൻഡ്സ്' സംഗീതനിശയുടെ ഒരുക്കം പുരോഗമിക്കുന്നു. പുതുകാല സെലിബ്രിറ്റി ഗായകരായ പവൻദീപ് രാജനും അരുണിത കാഞ്ചിലാലും ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസ ഗായകരായ മുഹമ്മദ് റഫി, ലത മങ്കേഷ്കർ, കിഷോർ കുമാർ എന്നിവരുടെ പാട്ടുകളാണ് പാടുന്നത്.

കാലദേശാതിരുകൾ ഭേദിക്കുന്ന ആ പാട്ടുകളുടെ കീർത്തികാരണം, പരിപാടിയെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടായ നിമിഷം മുതൽ രാജ്യത്തെ സഹൃദയരിൽ ആവേശകരമായ പ്രതികരണമാണ്. റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ അങ്കണത്തിൽ അരങ്ങേറുന്ന പരിപാടിയിലേക്ക് പ്രവേശനം ഉറപ്പിക്കാൻ സംഘാടകർ ഏർപ്പെടുത്തിയ മുൻകൂർ രജിസ്ട്രേഷനിൽ ഇത് പ്രകടമാണ്. പതിനായിരത്തോളം പേരാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. സംസ്ഥാന ഭേദമില്ലാതെ പ്രവാസി ഇന്ത്യക്കാരിൽനിന്ന് രജിസ്ട്രേഷൻ ആവശ്യം പ്രവഹിക്കുകയാണ്. സ്വദേശികളും വിദേശികളും രജിസ്ട്രേഷൻ നേടിയവരിലുണ്ട്. യു.എസ്, യൂറോപ്യൻ പര്യടനത്തിനുശേഷം വ്യാഴാഴ്ച ഗായക സംഘം റിയാദിൽ എത്തും.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ഇന്ത്യൻ സ്‌കൂളിലെ പരിപാടി സ്ഥലത്തേക്കുള്ള കവാടങ്ങൾ തുറക്കുമെന്നും ഏഴോടെ കൗണ്ട് ഡൗൺ ആരംഭിക്കുമെന്നും സംഘാടകർ പറഞ്ഞു. പ്രവേശനം സൗജന്യമാണെങ്കിലും https://www.madhyamam.com/mol എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും സംഗീതനിശ.

ഇന്ത്യൻ സംഗീതത്തിലെ എക്കാലത്തെയും ഒന്നാം നമ്പർ പ്രതിഭയായ മുഹമ്മദ് റഫി, വാനമ്പാടി ലത മങ്കേഷ്കർ, അനുഗൃഹീത ഗായകൻ കിഷോർ കുമാർ എന്നിവർക്കുള്ള സമർപ്പണമായിരിക്കും സംഗീതോത്സവത്തിന്റെ ഒരുഭാഗം.

ജനകോടികളെ വിസ്മയിപ്പിച്ച പാട്ടിന്റെ പാലാഴി തീർത്ത ഈണങ്ങളോടൊപ്പം അനുവാചകരുടെ മനസ്സിന്റെ ചെപ്പുകളും ഓർമകളുടെ അറകളും അവിടെ തുറക്കും. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഇന്ത്യൻ ദേശഭക്തി ഗാനങ്ങളും പുതുതലമുറക്കുവേണ്ടി പുതിയ തരംഗം തീർക്കുന്ന പാട്ടുകളും വേദിയിൽ ഇഷ്ടഗായകർ ആലപിക്കും.

Tags:    
News Summary - Music Night Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.