റിയാദ്: മൾട്ടിപ്ൾ റീഎൻട്രി വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള ഓപ്ഷൻ പുനഃസ്ഥാപിക്കപ്പെട്ട ശേഷവും സ്റ്റാമ്പ് ചെയ്യുമ്പോൾ അനുവദിക്കുന്നത് പരമാവധി രണ്ടു മാസം. അതായത് ഹജ്ജിന് മുന്നോടിയായി വിസിറ്റ്, ഉംറ വിസക്കാരെ തടയാൻ നിശ്ചയിച്ച ഏപ്രിൽ 29 വരെ മാത്രം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൾട്ടിപ്ൾ റീഎൻട്രി വിസിറ്റ് വിസ പുനഃസ്ഥാപിച്ചത്. അതിന് ശേഷമുള്ള ദിവസങ്ങളിലും മുംബൈയിലെ സൗദി കോൺസുലേറ്റിൽനിന്ന് സ്റ്റാമ്പ് ചെയ്ത വിസകളിൽ പരമാവധി രണ്ടു മാസമേ അനുവദിച്ചിട്ടുള്ളൂ.
കഴിഞ്ഞദിവസം സ്റ്റാമ്പ് ചെയ്ത മൾട്ടിപ്ൾ റീഎൻട്രി വിസയിൽ ഏപ്രിൽ 13 വരെയുള്ള കാലയളവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏപ്രിൽ 13ന് രാജ്യം വിടണം. കഴിഞ്ഞ ജനുവരി 20ന് എടുത്ത മൾട്ടിപ്ൾ റീഎൻട്രി വിസിറ്റ് വിസയുമായി നാട്ടിലെ വി.എഫ്.എസ് ഓഫിസിനെ സമീപിച്ചപ്പോൾ സിംഗിൾ എൻട്രി വിസ മാത്രമേ ഇപ്പോൾ കിട്ടുകയുള്ളൂവെന്ന് പറഞ്ഞ് മടക്കിയെന്ന് അനുഭവസ്ഥൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ജനുവരി 31ന് മൾട്ടിപ്ൾ റീഎൻട്രി വിസിറ്റ് വിസ ഓപ്ഷൻ വിദേശകാര്യമന്ത്രാലയത്തിന്റെ വിസ പോർട്ടലിൽനിന്ന് ഒഴിവാക്കിയതും 18 ദിവസത്തിന് ശേഷം പുനഃസ്ഥാപിച്ചതും എന്തിനാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഹജ്ജിന് മുമ്പ് മൾട്ടിപ്ൾ എൻട്രി വിസിറ്റ് വിസ അതിന്റെ മുഴുവൻ കാലയളവിലേക്ക് സ്റ്റാമ്പ് ചെയ്തുകിട്ടുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. പുനഃസ്ഥാപിച്ച ശേഷം കിട്ടിയ വിസകളിന്മേൽ സ്റ്റാമ്പിങ് നടന്നാലേ അതുണ്ടാവുമോ എന്നറിയാൻ കഴിയൂ. ഈ വരുന്നയാഴ്ച ഇക്കാര്യം വ്യക്തമാകും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.
ഹജ്ജിന് രണ്ടാഴ്ച മുമ്പെങ്കിലും ഉംറ വിസക്ക് വിലക്കേർപ്പെടുത്തുന്നത് സാധാരണമാണ്. രാജ്യത്തുള്ള ഉംറ വിസക്കാരെല്ലാം നിശ്ചിത തീയതിക്ക് മുമ്പ് മടങ്ങിപ്പോകണം. ഇപ്പോൾ അത് കുറച്ചുകൂടി നേരത്തെ ആക്കിയിട്ടുണ്ട്. അതായത് ഏപ്രിൽ 29ന് മുമ്പ് മുഴുവൻ ഉംറ വിസക്കാരും രാജ്യം വിടണം. ഹജ്ജിന് ഒരു മാസത്തിന് മുമ്പ് രാജ്യം വിടണം. അക്കാര്യം അതത് ഉംറ കമ്പനികൾ ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം മക്ക ഡെപ്യൂട്ടി ഗവർണറുടെ അധ്യക്ഷതയിൽ ചേർന്ന സൗദി സെൻട്രൽ ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഉംറ മാത്രമല്ല എല്ലാത്തരം സന്ദർശന വിസകളിൽ വന്നിട്ടുള്ളവർക്കും ഏപ്രിൽ 29 മുതൽ മക്കയിലേക്ക് കടക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതായത് ഏപ്രിൽ 29 മുതൽ ജൂൺ 11 വരെ ഈ വിലക്ക് നിലനിൽക്കും. ഉംറ വിസക്കാർക്ക് മാത്രമല്ല മറ്റു സന്ദർശന വിസയിലുള്ളവർക്കും ഹജ്ജിന് മുന്നോടിയായി നിയന്ത്രണം കൊണ്ടുവരികയാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഇതായിരിക്കാം മൾട്ടിപ്ൾ റീഎൻട്രി വിസിറ്റ് വിസക്കും ബാധകമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.