പ്രഫുൽ ഖോഡ പട്ടേലിന്‍റെ ലക്ഷദ്വീപ് വികസനം ചെരിപ്പിനൊത്ത് കാലുമുറിക്കുന്നത് -മുഹമ്മദ് ഫൈസൽ എം.പി

ദമ്മാം: തനത് സംസ്കാരത്തേയും ഭൂമിശാസ്ത്രത്തേയും പരിഗണിക്കാതെയുള്ള വികസനരീതികൾ ലക്ഷദ്വീപിന്റെ പിന്നോട്ടടിക്കലിന് കാരണമാകുമെന്ന് മുഹമ്മദ് ഫൈസൽ എം.പി ആരോപിച്ചു. ലക്ഷദ്വീപിൽനിന്നുള്ള പാർലമെന്റംഗവും എൻ.സി.പി പാർലമെന്‍ററി പാർട്ടി ചീഫ് വിപ്പുമായ അദ്ദേഹം ഹ്രസ്വ സന്ദർശനത്തിന് സൗദിയിലെത്തിയപ്പോൾ 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു.

രണ്ടാം തവണയും ലക്ഷദ്വീപിനെ പ്രതിനിധീകരിക്കുന്ന ഫൈസൽ നിലവിൽ ദ്വീപ് സമൂഹത്തിന്റെ സംരക്ഷണത്തിനായി രംഗത്തിറങ്ങിയ മുന്നണിപോരാളിയാണ്. കരകളെ അപേക്ഷിച്ച് കേവലം ആറുമാസം മാത്രമാണ് ലക്ഷദ്വീപിൽ വികസന പ്രവർത്തനത്തിന് സമയം ലഭ്യമാവുക. ആറുമാസ മൺസൂൺകാലം ലക്ഷദ്വീപിൽ ഒരു തരത്തിലുള്ള നിർമാണ പ്രവർത്തനത്തിനും അനുയോജ്യമല്ല. ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ സാധ്യതകൾ കണക്കിലെടുത്ത് കോർപറേറ്റുകൾക്ക് ഇടത്താവളമാക്കിമാറ്റാനുള്ള ഗൂഢതന്ത്രവുമായാണ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഗോഡാ പട്ടേൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

അധികാരമേറ്റതുമുതൽ ദ്വീപിന്റെ വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, സാമ്പത്തിക രംഗങ്ങളെ പിന്നോട്ടടിക്കാനാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇടയാക്കിയത്. 2,300 ആളുകൾക്ക് യാത്രചെയ്യാൻ കഴിഞ്ഞിരുന്ന യാത്രാകപ്പലുകളുടെ എണ്ണം കേവലം 400 പേർക്ക് മാത്രമുള്ള ഒറ്റ കപ്പലായി ചുരുക്കി. ഏഴ് കപ്പലുകൾ ഉള്ളപ്പോൾ പോലും ടിക്കറ്റുകൾ ലഭ്യമല്ലാതിരുന്നിടത്ത് ഒന്നിലേക്ക് ചുരുക്കപ്പെട്ടതോടെയുള്ള പ്രശ്നം വിവരിക്കാൻ പോലും കഴിയാത്തതാണ്. വിവിധ ദ്വീപുകളിൽ അടിസ്ഥാനസൗകര്യം ഒരുക്കേണ്ട അഡ്മിനിസ്ട്രേറ്റർ ഇതിനെ കേന്ദ്രീകൃതരൂപത്തിൽ ആക്കുന്നു എന്നരീതിയിൽ എട്ട് പ്രൈമറി സ്കുളുകൾ ഇതുവരെ പൂട്ടിക്കഴിഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന വിദ്യാഭ്യാസ അവകാശമാണ് ഇങ്ങനെ ലംഘിക്കപ്പെടുന്നത്.

ഡോക്ടർമാർ മുതൽ തൂപ്പുജോലിക്കാർ വരെ 3,600ഓളം കരാർ ജോലിക്കാരെ ഇതുവരെ പിരിച്ചുവിട്ടു. കേവലം 70,000 ആളുകൾ താമസിക്കുന്ന ലക്ഷദ്വീപിന് പ്രതിമാസം മൂന്നരകോടി രൂപയുടെ നഷ്ടമാണ് ഇത് ഉണ്ടാക്കി വെക്കുന്നത്. കഴിഞ്ഞ മൂന്ന് സെൻസസുകളിലും ആൾതാമസമുണ്ടെന്ന് രേഖപ്പെടുത്തിയ ബങ്കാരം ദ്വീപുകളിൽ ജനങ്ങളുടെ വിടുകളും തേങ്ങാ സംഭരണശാലകളും പൊളിക്കാൻ ഖോഡാ പട്ടേൽ ഉത്തരവിട്ടത് ഒരു വെള്ളിയാഴ്ച വൈകീട്ടാണ്. ചരിത്രത്തിലാദ്യമായി എം.പി എന്ന നിലയിലുള്ള വിവേചനാധികാരം ഉപയോഗിച്ച് ശനിയാഴ്ച കോടതി കൂടിപ്പിച്ചാണ് ഇതിന് തടയിട്ടത്. ഇത്തരം കെട്ടിടങ്ങൾ ഭീകരവാദകേന്ദ്രങ്ങളായി മാറിയേക്കാം എന്നാണ് അന്ന് അഡ്മിനിസ്ട്രേറ്റർ നൽകിയ വിശദീകരണം.

എന്നാൽ മൂൻ കേന്ദ്ര അഭ്യന്തരവ മന്ത്രി രാജ്നാഥ് സിങ് കവരത്തിയിൽ ഗാന്ധിപ്രതിമ അനാഛാദനം ചെയ്തുകൊണ്ട് പ്രഖ്യാപിച്ചത് ലക്ഷദ്വീപിനെ ഭീകരപ്രവർത്തന ഇടമാക്കിമാറ്റാനുള്ള അജണ്ടകൾ എതിർക്കപ്പെടണമെന്നും രാജ്യസ്നേഹികളുടെ ഇടമാണ് ലക്ഷദ്വീപ് എന്നുമാണ്. ഇന്നുവരെ ഒരു തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല. ആളുകളെ ഒഴിപ്പിച്ചാൽ കുറഞ്ഞനിരക്കിൽ അദാനിയെപ്പോലുള്ള കോർപറേറ്റുകൾക്ക് തീറെഴുതാൻ സാധിക്കുമെന്നതിനാലാണ് ഗോഡാ പട്ടേൽ ഇത്തരം ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത്.

നേരത്തെ അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപ് നിവാസികൾക്ക് അവസാന ആശ്രയമായിരുന്നു. സെക്രട്ടറിമാർ അവകാശങ്ങൾ നിഷേധിച്ചാൽ അഡ്മിനിസ്ട്രേറ്റർ അതിന് പരിഹാരമുണ്ടാക്കുമെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നു. നിലവിൽ ലക്ഷദ്വീപെന്ന ശാന്തിയുടെ തുരുത്തിനെ അശാന്തമാക്കി ജനങ്ങളെ തെരുവിലിറക്കാനാണ് അഡ്മിനിസ്ട്രേറ്റർ ലക്ഷ്യം വെക്കുന്നത്. എന്നാൽ ദ്വീപിലെ ജനങ്ങൾ സമരബോധത്തിന്റെ വീര്യത്തിലേക്ക് ഉയർന്നുകഴിഞ്ഞതോടെ എല്ലാ ജനവിരുദ്ധ അജണ്ടകളും നടപ്പാക്കാൻ ആവാതെ ഇവർ വിഷമിക്കുന്ന സ്ഥിതിയാണുള്ളത്.

ലക്ഷദ്വീപിനെ മാലി ദ്വീപാക്കി മാറ്റുമെന്ന് പുറത്ത് പ്രചരണം നടക്കുമ്പോൾ ദ്വീപിലെ ജനങ്ങൾ അനുഭവിക്കുന്നത് ചെരുപ്പിന് ചേരാത്ത കാൽ മുറിച്ച് ചെരുപ്പിന് അനുയോജ്യമാക്കുന്ന പമ്പര വിഢിത്തമാണന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Muhammad Faisal MP on Lakshadweep development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.