ജിദ്ദ: ജീവിത വിജയത്തിന് പാഠപുസ്തകങ്ങളിലെ അറിവ് മാത്രം സമ്പാദിച്ചാൽ പോരെന്ന് പ്രമുഖ പ്രചോദക പ്രഭാഷകൻ എ.പി.എം മുഹമ്മദ് ഹനീഷ് എജ്യുകഫെക്കെത്തിയ വിദ്യാർഥികളെ ഉണർത്തി. നമുക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്ന് കണ്ണുതുറന്ന് കാണുകയും കേൾക്കുകയും വേണം. ഏറെ സവിശേഷമായ വർത്തമാനകാല സാഹചര്യത്തിൽ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാൻ വിദ്യർഥികൾക്കു കഴിയണം. ശുഭാപ്തി വിശ്വാസം വ്യക്തിയുടെ മുന്നോട്ട്പോക്കിന് ധൈര്യം പകരുന്നതാണ്. സ്വപ്നങ്ങൾ മാത്രം ഉണ്ടായാൽ പോര; അത് സാക്ഷാത്ക്കരിക്കാൻ ത്യാഗപരിശ്രമങ്ങൾ കൂടി വേണം . മുന്നൊരുക്കങ്ങളോടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരാൻ അദ്ദേഹം വിദ്യാർഥികളെ ഉപദേശിച്ചു. പരാജയത്തെ കുറിച്ച് ചിന്തിച്ച് ദുഃഖിച്ച് കൊണ്ടിരുന്നാൽ തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി മുന്നേറാനുള്ള കരുത്ത് നഷ്ടപ്പടുകയാവും ഫലം. വ്യക്തമായ തീരുമാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ ഉയരങ്ങൾ കീഴടക്കാൻ നമുക്ക് കഴിയും . വിദ്യാലയങ്ങളുടെ നാല് ചുവരുകൾക്കപ്പുറം ജീവിത യാഥാർഥ്യങ്ങളിൽ നിന്നാണ് വിദ്യാർഥികൾ തിരിച്ചറിവ് നേടേണ്ടത്. അക്കാദമിക് വിദ്യാഭാസവും ജീവിതവും ഇന്ന് രണ്ടാണ്. അടിസ്ഥാന വിജ്ഞാനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിപ്പിക്കുന്നുണ്ട്.
എന്നാൽ ജീവിത ലക്ഷ്യങ്ങളോ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ട രീതികളോ പഠിക്കുന്നില്ല. സമചിത്തതയോടെ ജീവിത വഴികൾ കണ്ടെത്താൻ സാധിക്കണം. മാനുഷിക പ്രശ്നങ്ങളോട് അനുകമ്പയുണ്ടാവുകയും അത് സ്വന്തത്തിൽ അനുരണനങ്ങൾ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. ജീവിതത്തെ നിർമാണാത്മകം, സംഹാരാത്മകം നിസ്സംഗം എന്നീ മൂന്ന് രീതിയിൽ സമീപിക്കാം.
ഓരോരുത്തർക്കും വ്യതിരിക്തമായ കഴിവുകളാണുള്ളത്. ജീവിതത്തിൽ ഒരു പാട് പരാജയങ്ങൾ നേരിടുകയെന്നത് സ്വാഭാവികമാണ്. പ്രയാസങ്ങൾ തരണം ചെയ്ത് മുന്നേറുമ്പോഴേ വിജയം വരിക്കാൻ കഴിയൂ. ഔന്നത്യത്തിലേക്കും വിജയത്തിലേക്കുമുള്ള വഴി പ്രയാസം നിറഞ്ഞതാകും.
ഒരു പാട് പരാജയങ്ങളും പ്രതിസന്ധികളും നേരിടുന്നവർക്ക് അവിചാരിതമായി ലഭിക്കുന്ന ചിലരുടെ സഹായവും കരുത്തും വിജയത്തിെൻറ പാതകൾ വെട്ടിത്തെളിക്കാൻ നിമിത്തമാകാമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. അദ്ദേഹത്തിെൻറ പ്രചോദന വാക്കുകളെ ഹർഷാരവത്തോടെയാണ് വിദ്യാർഥികൾ എതിരേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.