1. ഒ.ഐ.സി ആസ്ഥാനത്തെത്തിയ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅക്ക് സെക്രട്ടറി ജനറൽ ഡോ. ഹുസൈൻ
ഇബ്രാഹിം താഹ ഉപഹാരം നൽകുന്നു 2. ഒ.ഐ.സി ആസ്ഥാനത്ത് ചേർന്ന യോഗത്തെ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അഭിസംബോധന ചെയ്യുന്നു
റിയാദ്: ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒ.ഐ.സി) ജിദ്ദയിലെ ആസ്ഥാനം സന്ദർശിച്ചു. ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ മന്ത്രിയെ സ്വീകരിച്ചു. ഒ.ഐ.സി ഭാരവാഹികൾ, അംഗരാജ്യങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ, കോൺസൽ ജനറൽ എന്നിവരെ മന്ത്രി അഭിസംബോധന ചെയ്തു.
ഈ വർഷത്തെ ഹജ്ജിനായി സൗദി അറേബ്യ നടത്തിയ ഒരുക്കങ്ങളെയും ഏർപ്പെടുത്തിയ ക്രമീകരണങ്ങളെയുംകുറിച്ച് വിശദീകരിച്ച മന്ത്രി തീർഥാടകർക്ക് അവരുടെ കർമങ്ങൾ സുഖകരമായി നിർവഹിക്കാനുള്ള ഏറ്റവും നല്ല സാഹചര്യം ഒരുക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചതായി വ്യക്തമാക്കി.
സുഗമമായ ഹജ്ജും ഉംറയും ഉറപ്പുവരുത്തുന്നതിൽ ആരോഗ്യ, സംഘടന, സേവന, ലോജിസ്റ്റിക്, സുരക്ഷ അധികാരികൾ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ഡോ. അൽ റബീഅ പറഞ്ഞു. ‘വിഷൻ 2030’ന്റെ പ്രധാന സംരംഭങ്ങളിലൊന്നും ഭരണാധികാരി സൽമാൻ രാജാവ് നേതൃത്വം നൽകുന്നതുമായ ‘പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം’ ഹജ്ജ് സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതും തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതുമാണെന്ന് മന്ത്രി വ്യക്തമാക്കി.
തീർഥാടക സേവനം ലക്ഷ്യമിട്ടുള്ള പ്രധാന പദ്ധതികളിലൊന്നും ചരിത്രത്തിലെ ഏറ്റവും വലിയ നിർമാണപ്രവർത്തനവുമാണ് മക്ക ഗ്രാൻഡ് മസ്ജിദുമായി ബന്ധപ്പെട്ട് നടക്കുന്നത്. 2000 കോടി റിയാലിന്റെ ബൃഹത്തായ വിപുലീകരണ പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. 6000 കോടി റിയാൽ ചെലവിട്ട് പൂർത്തിയാക്കിയ ഹറമൈൻ അതിവേഗ റെയിൽവേ മക്കക്കും മദീനക്കുമിടയിലെ യാത്രാദൈർഘ്യം രണ്ടു മണിക്കൂറായി കുറച്ച കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.
6400 കോടി റിയാൽ ചെലവഴിച്ച ജിദ്ദ കിങ് അബ്ദുൽ അസീസ് അന്തർദേശീയ വിമാനത്താവള വികസനവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെയും മസ്ജിദുകളുടെയും പുനരുദ്ധാരണവും രാജ്യത്തെത്തുന്ന തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്ന പദ്ധതികളിൽപെട്ടതാണെന്ന് അദ്ദേഹം വിശദീകരിച്ചു.
തീർഥാടകരുടെ ഹജ്ജ്, ഉംറ കർമങ്ങൾ സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിന് സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാനും നേതൃത്വം നൽകുന്ന സൗദി ഭരണകൂടം, ഹജ്ജ്, ഉംറ മന്ത്രാലയം, വിവിധ വകുപ്പുകൾ എന്നിവക്ക് ഡോ. താഹ അഭിനന്ദനവും നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.