മദീന: പ്രവാചക നഗരത്തിലെ ജനജീവിതത്തിന്റെ നിലവാരം ഉയർന്ന തലത്തിലാക്കാനുള്ള പദ്ധതികൾ വിജയം കാണുന്നതായി റിപ്പോർട്ട്. നഗരവാസികൾ വിവിധ വിഭാഗങ്ങളിൽ ആസ്വദിക്കുന്ന സംതൃപ്തിയുടെ നിരക്ക് 82 ശതമാനമായി ഉയർന്നെന്ന് മദീന മുനിസിപ്പാലിറ്റി പ്രസിദ്ധീകരിച്ച സർവേ ഫലം വ്യക്തമാക്കുന്നു. ‘വിഷൻ 2030’ ലക്ഷ്യങ്ങളിലൊന്നാണിത്. സ്വദേശികളും വിദേശികളുമായി 75,220 പേരാണ് സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയത്.
സ്മാർട്ട് ലൈറ്റിങ്, സുരക്ഷിതമായ നടപ്പാതകൾ, തെരുവുകളും മറ്റും ഭംഗി വർധിപ്പിക്കൽ തുടങ്ങിയ നഗര ഭൂപ്രകൃതിയിന്മേൽ ആളുകളുടെ സംതൃപ്തി 78 ശതമാനമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് 18 ശതമാനമാണ് വർധനവ്. റോഡ് രൂപകൽപനയിലും ലൈറ്റിങ് സംവിധാനങ്ങളിലും വരുത്തിയ മെച്ചപ്പെടുത്തലുകൾ റോഡുകളുടെ കാര്യത്തിലെ തൃപ്തി 62 ശതമാനമാക്കി. 27 ശതമാനമാണ് വർധന.
പൊതുശുചിത്വത്തിന്റെ കാര്യത്തിലും സംതൃപ്തി 81 ശതമാനമാണ്. പരിസര ശുചിത്വത്തിൽ 61 ശതമാനം പേർ തൃപ്തരാണ്. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ, കീടങ്ങളുടെ നിയന്ത്രണം എന്നിവയിൽ 28 ശതമാനം മികവ് വരുത്തി. മാലിന്യ സംസ്കരണത്തിൽ 69 ശതമാനം പേർ തൃപ്തരാണ്.
നേരിട്ടുള്ള മുനിസിപ്പൽ സേവനങ്ങളിൽ 71 ശതമാനവും സ്മാർട്ട് സർവിസ് പോർട്ടലിന്റെയും ഡിജിറ്റൽ സംവിധാനങ്ങളും വഴിയുള്ള പരോക്ഷ സേവനങ്ങളിൽ 64 ശതമാനവും ആളുകൾ സംതൃപ്തി പ്രകടിപ്പിച്ചു. മുനിസിപ്പാലിറ്റി അടുത്തിടെ 14 പുതിയ പാർക്കുകൾ കൂടി സ്ഥാപിച്ചതോടെ പൊതുസൗകര്യങ്ങളുടെ കാര്യത്തിൽ 68 ശതമാനം പേർക്ക് തൃപ്തിയുണ്ടായി.
ഇതിന് പുറമെ ടൂറിസം പ്രകടന സൂചികയിൽ ആഗോള റാങ്കിങ്ങിൽ 88ാമതും സൗദി നഗരങ്ങളിൽ ഒന്നാമതും ഗൾഫ് നഗരങ്ങളിൽ അഞ്ചാമതും സ്ഥാനത്തായി ഉയർന്നതായി യൂറോമോണിറ്റർ ഇൻറർനാഷനൽ സർവേയിൽ നേരത്തെ വെളിപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.