റിയാദ്: മീഡിയ വൺ ചാനലിെൻറ അന്യായമായ നിരോധം പിൻവലിക്കുകയും മാധ്യമ പൗരസ്വാതന്ത്ര്യത്തെ കുറിച്ച് നിർണായക പ്രസ്താവന നടത്തുകയും ചെയ്ത സുപ്രീംകോടതി വിധിയിൽ റിയാദിലെ വിവിധ സംഘടന നേതാക്കൾ സന്തോഷം രേഖപ്പെടുത്തി. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ ഇഫ്താറിനുശേഷം നടന്ന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ മീഡിയ വൺ കുടുംബത്തിെൻറ ആഹ്ലാദത്തിൽ പങ്കുചേരുകയും ഫാഷിസ്റ്റ് സ്വേച്ഛാധിപത്യ പ്രവണതകളെ അപലപിക്കുകയും ചെയ്തു. സലിം മാഹി അധ്യക്ഷത വഹിച്ചു.
പൗരസ്വാതന്ത്ര്യത്തിനും മാധ്യമങ്ങളുടെ നിലനിൽപിനും ശക്തി പകരുന്ന ചരിത്രപരമായ ഇടപെടലാണ് സുപ്രീംകോടതിയുടേതെന്ന് പ്രവാസി വെൽഫെയർ സൗദി നാഷനൽ കമ്മിറ്റിയംഗം സാജു ജോർജ് പറഞ്ഞു. രാഷ്ട്രീയ സങ്കുചിത താൽപര്യങ്ങളാണ് നിരോധനത്തിന് പിന്നിലെന്നും പത്രമാരണ ബില്ലുകളും മാധ്യമ വിലക്കുകളും സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാണെന്നും യു.പി. മുസ്തഫ (കെ.എം.സി.സി) അഭിപ്രായപ്പെട്ടു. നീണ്ട പ്രയത്നത്തിെൻറയും പ്രാർഥനയുടെയും ഫലമാണ് ഈ വിധിയെന്നും ഇത് എത്രമാത്രം നമ്മുടെ നാട്ടിൽ നിലനിൽക്കുമെന്നതിൽ ആശങ്കയുണ്ടെന്നും പൊതുസമൂഹം കൃത്യമായ ജാഗ്രത പാലിക്കണമെന്നും താജുദ്ദീൻ ഓമശ്ശേരി (തനിമ) പറഞ്ഞു.
ഫാഷിസ്റ്റ് സർക്കാറിെൻറ മുഖത്തുനോക്കി സുപ്രീംകോടതി നടത്തിയ ഈ വിധിപ്രസ്താവം സ്വേച്ഛാധിപത്യത്തിനെതിരെയുള്ള കനത്ത പ്രഹരമാണെന്ന് ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകൻ കെ.പി. ഹരികൃഷ്ണൻ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിനും സ്വതന്ത്ര പത്രപ്രവർത്തനത്തിനും മീഡിയ വൺ ചാനൽ നൽകുന്ന സംഭാവനകൾക്ക് പൂർണ പിന്തുണ നൽകുന്നതായി മുസ്തഫ (സിജി) പറഞ്ഞു. സീൽഡ് കവർ നാടോടിക്കാറ്റിലെ തിലകെൻറ കഥാപാത്രം ചോദിച്ച പോലെ ‘സാധനമെവിടെ?’ എന്ന ഡയലോഗിനെയാണ് ഓർമിപ്പിക്കുന്നതെന്ന് നൗഫൽ പാലക്കാടൻ (മീഡിയ ഫോറം) അഭിപ്രായപ്പെട്ടു.
പത്രമാരണം പോലെയാണ് കരിനിയമങ്ങൾ തീർത്ത ജയിലറയിലെ മനുഷ്യജീവിതങ്ങളെന്നും സാധാരണക്കാരൻ തൊട്ട് പ്രമുഖർ വരെ ഒരു പ്രകോപനവുമില്ലാതെയാണ് തടങ്കലിൽ കഴിയുന്നതെന്നും ബാരിഷ് ചെമ്പകശ്ശേരി (പ്രവാസി വെൽഫെയർ) പറഞ്ഞു. ഭരണകൂടത്തിെൻറ കൊള്ളരുതായ്മകൾക്കെതിരെ പൊരുതിയ ഒരു മാധ്യമത്തെ, പ്രവാസികളുടെ അത്താണിയായ ഒരു ചാനലിെൻറ നാവരിയാനാണ് അവർ ശ്രമിച്ചതെന്ന് അബ്ദുല്ല വല്ലാഞ്ചിറ (ഒ.ഐ.സി.സി) കുറ്റപ്പെടുത്തി. ഇത് മാധ്യമ ലോകത്തിെൻറ വിജയമാണെന്നും ഉണർന്ന് പ്രവർത്തിക്കുന്ന, ജനകീയ പ്രശ്നങ്ങളിൽ ജാഗ്രത പുലർത്തുന്ന, സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക, ജനക്ഷേമ പ്രവർത്തനങ്ങളിൽ പ്രവാസികൾക്ക് നേതൃത്വവും വഴികാട്ടിയുമായ ചാനലാണ് മീഡിയ വണ്ണെന്നും സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറഞ്ഞു. അസത്യത്തിെൻറ മേലുള്ള സത്യത്തിെൻറ വിജയമാണിതെന്നും മിഥ്യക്ക് സത്യത്തിെൻറ മേൽ എക്കാലവും വാഴാനാവില്ലെന്നും ഖയ്യൂം (നോൺ മലയാളം കമ്യൂണിറ്റി) ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്കും സംസാരിച്ചു.
ഗൾഫ് മാധ്യമം മീഡിയ വൺ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും മീഡിയ വൺ മാർക്കറ്റിങ് മാനേജർ ഹസനുൽ ബന്ന നന്ദിയും പറഞ്ഞു. ജമീൽ മുസ്തഫ ഖിറാഅത്ത് നടത്തി. കോഓഡിനേഷൻ കമ്മിറ്റിയംഗങ്ങളായ ഷാനിദ് അലി, ആസിഫ് കക്കോടി, അഹ്ഫാൻ എന്നിവർ മധുരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.