മെക് 7 ജിദ്ദ അസീസിയ ഏരിയ സംഘടിപ്പിച്ച സൗദി സ്ഥാപകദിനാഘോഷ പരിപാടിയിൽ ഒത്തുചേർന്നവർ
ജിദ്ദ: പ്രവാസികൾക്ക് അന്നംതരുന്ന സൗദിയുടെ സ്ഥാപകദിനം, മെക് 7 ജിദ്ദ അസീസിയ ഏരിയ സമുചിതമായി ആഘോഷിച്ചു. അംഗങ്ങൾ എല്ലാവരും യൂനിഫോമിന് മുകളിൽ സ്ഥാപകദിന ബാഡ്ജ് ധരിച്ചാണ് വ്യായാമത്തിൽ പങ്കെടുത്തത്. വ്യായാമത്തിന് ശേഷം നടന്ന ചടങ്ങ് സാദിഖ് പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു.
സൗദിയുടെ ചരിത്രവും ഇന്നെത്തി നിൽക്കുന്ന രാജ്യത്തിന്റെ കുതിക്കുന്ന വളർച്ചയും അറബിയിലും മലയാളത്തിലും അദ്ദേഹം അവതരിപ്പിച്ചു. വിഷൻ 2030ലൂടെ സൗദി ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നും അത് നാം ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയോം സിറ്റിയെ പോലുള്ള ദീർഘ വീക്ഷണമുള്ള കാഴ്ചപ്പാടാണ് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
പ്രവാസികളായ നമ്മെയും വികസന പാതയിൽ കൂടെപ്പിടിക്കുന്നതിന്റെ ഉദാഹരണമാണ് പ്രവാസികൾക്ക് സ്വന്തമായി ബിസിനസ് ചെയ്യുന്നതിനുള്ള ലൈസൻസ് പ്രക്രിയ ലഘൂകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സലാഹ് കാരാടൻ സ്ഥാപകദിന സന്ദേശം നൽകി. ഓരോ പ്രവാസിയും ഇവിടത്തെ ഭരണകൂടത്തോട് നന്ദിയുള്ളവരായിരിക്കണമെന്നും നമ്മുടെ നാട്ടിലെ പട്ടിണി മാറ്റിയതിൽ മുഖ്യപങ്കു വഹിച്ചത് പ്രവാസികളാണെന്നും അത് ജി.സി.സി രാജ്യങ്ങളിലെ ഭരണകൂടങ്ങൾ നമുക്ക് ജോലി നൽകിയതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഈ രാജ്യത്തെ നിയമത്തിനനുസരിച്ച് ജീവിക്കണമെന്നും ഒരു കാരണവശാലും നിയമത്തിനെതിരായ ഒരു പ്രവർത്തിയുടെയും ഭാഗവാക്കാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പരിശീലകരായ നൗഷാദ് കോഡൂർ, മുഹമ്മദ് അലി കുന്നുമ്മൽ, റഷീദ് മാളിയേക്കൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പുതുതായി മെക് 7 പരിശീലന മേഖലയിലേക്ക് കടന്നുവന്ന ആരിഫ്, സുബൈർ അരിമ്പ്ര, അബ്ദുൽ റസാഖ് എന്നിവർക്ക് മെഡലുകൾ നൽകി പ്രോത്സാഹിപ്പിച്ചു. അസീസിയ ഏരിയ ഗ്രൂപ്പിന് പ്രചോദനം നൽകുന്ന സാദിഖ് പാണ്ടിക്കാടിനെ, സലാഹ് കാരാടൻ ഉപഹാരംനൽകി ആദരിച്ചു.
ബാൾ പാസ്സിങ്, ഷൂട്ടൗട്ട് മത്സരങ്ങളിൽ വിജയിച്ച അബ്ദുൽ ജബ്ബാർ, മൊയ്തീൻ കുട്ടി എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. സഈദ് പുളിക്കൽ, ആരിഫ് മുഹമ്മദ്, വീരാൻകുട്ടി മാസ്റ്റർ, നദീം സിദ്ദീഖി, യൂസുഫ് കരുളായി, ദസതഗീർ എന്നിവർ സംസാരിച്ചു. മുഹമ്മദലി കുന്നുമ്മൽ സ്വാഗതവും നൗഷാദ് കോടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.