ജുബൈൽ-യാംബു വ്യവസായ മേഖലയിൽ വൻ നിക്ഷേപ കുതിപ്പ്; 1.5 ലക്ഷം കോടി റിയാൽ കടന്നു

യാംബു: സൗദി അറേബ്യയിലെ പ്രമുഖ വ്യവസായ നഗരങ്ങളായ ജുബൈലിലും യാംബുവിലും നിക്ഷേപം റെക്കോർഡ് ഉയരത്തിലെത്തിയതായി റിപ്പോർട്ട്. 2025 അവസാനത്തോടെ ഈ നഗരങ്ങളിലെ ആകെ നിക്ഷേപം 1.5 ലക്ഷം കോടി റിയാൽ കവിഞ്ഞതായി റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാംബു പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സൗദി അറേബ്യയെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘നാഷനൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻറ് ആൻഡ് ലോജിസ്റ്റിക് പ്രോഗ്രാമി’ന്റെ വിജയമാണ് ഈ വൻ നിക്ഷേപ വളർച്ചയിലൂടെ പ്രതിഫലിക്കുന്നത്.

വ്യവസായം, ഖനനം, ഊർജം, ലോജിസ്റ്റിക്സ് എന്നീ മേഖലകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിക്ഷേപകരെ വലിയ തോതിൽ ആകർഷിക്കാൻ കാരണമായിട്ടുണ്ട്.

രാജ്യത്തിന്റെ ഉൽപാദന അടിത്തറ വിപുലീകരിക്കാനും എണ്ണയിതര വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ‘നാഷനൽ ഇൻഡസ്ട്രിയൽ സ്ട്രാറ്റജി’യുമായി ചേർന്നാണ് ഈ പദ്ധതികൾ പുരോഗമിക്കുന്നത്.

സൗദി വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തെ വ്യവസായ നഗരങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നത് വഴി കൂടുതൽ വിദേശ നിക്ഷേപം ഉറപ്പാക്കാനും സ്വദേശികൾക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് റോയൽ കമീഷൻ വിലയിരുത്തുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ആഗോള മത്സരക്ഷമത വർധിപ്പിക്കുന്നതിൽ ജുബൈൽ, യാംബു നഗരങ്ങളിലെ ഈ മുന്നേറ്റം നിർണായക പങ്കുവഹിക്കും.

Tags:    
News Summary - Massive investment surge in Jubail-Yanbu industrial zones; exceeds 1.5 trillion riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.